• India
January 22, 2025
#kerala #Top Four

ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല, റിപ്പോര്‍ട്ട് മടക്കി വിജിലന്‍സ് ഡയറക്ടര്‍ ; അജിത് കുമാറിന് തിരിച്ചടി

തിരുവനന്തപുരം: എംആര്‍ അജിത് കുമാറിന് തിരിച്ചടി. ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍. വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയാണ് റിപ്പോര്‍ട്ട് മടക്കിയത്. റിപ്പോര്‍ട്ടില്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് അജിത് കുമാറിനെതിരായ അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വ്യക്തത ആവശ്യമായ കാര്യങ്ങള്‍ ചൂണ്ടികാട്ടി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഡയറക്ടര്‍ മടക്കി അയച്ചു. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും നിര്‍ദ്ദേശം നല്‍കി.

Also Read ; ’62 പേര്‍ക്കെതിരെ മൊഴി നല്‍കി, 40 പേരുടെ വിവരങ്ങള്‍ ലഭിച്ചു’; ശക്തമായ നടപടിയുണ്ടാകുമെന്ന് സിഡബ്ല്യുസി

പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു അന്‍വറിന്റെ പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണം പൂര്‍ണ്ണമായും തെറ്റെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കവടിയാറിലെ ആഡംബര വീട് പണിതത്തില്‍ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.

വീട് നിര്‍മാണം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. കുറവന്‍കോണത്ത് ഫ്‌ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ കരാറായി എട്ടു വര്‍ഷത്തിന് ശേഷമാണു ഫ്‌ലാറ്റ് വിറ്റതെന്നും സ്വാഭാവിക വിലവര്‍ധനയാണ് ഫ്‌ളാറ്റിന് ഉണ്ടായതെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയില്‍ അജിത് കുമാറിന് പങ്കുണ്ടെന്നായിരുന്നു നാലാമത്തെ ആരോപണം. എന്നാല്‍ ഇതില്‍ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ ഈ ക്ലീന്‍ ചിറ്റാണ് ഇപ്പോള്‍ ഡയറ്കടര്‍ മടക്കിയിരിക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *