നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി തുറന്നു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്ന് തലത്തിലുള്ള പരിശോധന നടത്തും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി തുറന്ന് പുറത്തെടുത്ത മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിഷം ഉള്ളില്‍ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും കാലതാമസമെടുക്കും. എന്നാല്‍ പരിക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താനുള്ള റേഡിയോളജി, എക്സറെ പരിശോധനയുടെ ഫലം ഇന്ന് തന്നെ ലഭിക്കും. സ്വാഭാവിക മരണമാണോ എന്ന് സ്ഥിരീകരിക്കാനുള്ള മൂന്നാമത്തെ പരിശോധനയില്‍ രോഗവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് തീരുമാനമെടുക്കുക.
അതേസമയം മരിച്ചത് ഗോപന്‍ സ്വാമി തന്നെയാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന സ്ഥലത്തേക്ക് മൂത്ത മകന്‍ സനന്ദനെ കൊണ്ടു പോയിട്ടുണ്ട്. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് മകന്‍ പോവാന്‍ തയ്യാറാവുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബം ഏറ്റെടുക്കേണ്ടി വരും.
Also Read; സമാധി വിവാദം; നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി
കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന കേസില്‍ അന്വേഷണം നടത്തുന്ന പോലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതില്‍ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടര്‍ന്ന് അതിരാവിലെ വന്‍ പൊലീസ് സന്നാഹത്തോടെ വീട്ടിലെത്തി കല്ലറ പൊളിക്കുകയായിരുന്നു. അതേസമയം, നേരത്തെ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും ഇന്ന് കല്ലറ പൊളിക്കുമ്പോള്‍ കാര്യമായ പ്രതിഷേധമൊന്നും കുടുംബത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു.