ബ്രൂവറി ; സിപിഐയുമായി ചര്‍ച്ച നടത്തും, എല്ലാവരെയും വിശ്വാസിലെടുത്ത് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂ – എം വി ഗോവിന്ദന്‍
കണ്ണൂര്‍: പാലക്കാട് ബ്രൂവറി വിഷയത്തെ എതിര്‍ത്ത് വിമര്‍ശനമുന്നയിച്ച് സിപിഐയുമായി ചര്‍ച്ച നടത്തുമെന്നും എല്ലാവരെയും വിശ്വാസിലെടുത്ത് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സി.പി.ഐക്കും ജെ.ഡി.എസിനും കാര്യങ്ങള്‍ മനസ്സിലാകാത്തത് എന്താണെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read ; മുസ്ലീംലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് പി വി അന്‍വര്‍ ; യുഡിഎഫിന്റെ മലയോര യാത്രയിലേക്ക് ക്ഷണം ലഭിച്ചു
ബ്രൂവറി വിഷയവുമായി ബന്ധപ്പെട്ട് സിപിഐ, ജെഡിഎസ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് എം വി ഗോവിന്ദന്റെ വിശദീകരണം. മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്നതാണ് ബ്രൂവറി വിഷയം. ഇതുസംബന്ധിച്ച് ചര്‍ച്ചക്ക് ആരും എതിരല്ല. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല. ആവശ്യമുള്ള സ്പിരിറ്റ് ഇവിടെ ഉല്‍പാദിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നയം. ബ്രൂവറിയില്‍ ആദ്യഘട്ട ചര്‍ച്ച മാത്രമാണ് നടന്നത്. പദ്ധതി നടപ്പാക്കുന്നതിന്റെ ഒന്നാംഘട്ടമേ ആയിട്ടുള്ളൂവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഒരുതുള്ളി കുടിവെള്ളവും പദ്ധതിക്കായി ഉപയോഗിക്കില്ല. മഴവെള്ളം സംഭരിച്ചാണ് മദ്യനിര്‍മാണശാല പ്രവര്‍ത്തിക്കുക. ആവശ്യമുള്ളത്ര സംഭരിക്കാനുള്ള സൗകര്യം അവിടെയുണ്ട്. അത് മനസ്സിലാവണമെങ്കില്‍ കണ്ണൂര്‍ പറശ്ശിനിക്കടവ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ സംഭരണം എല്ലാവരും കാണണം. കര്‍ണാടക സ്പിരിറ്റ് ലോബിക്കു വേണ്ടിയാണ് കോണ്‍ഗ്രസ് പദ്ധതിക്കെതിരെ സംസാരിക്കുന്നതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
നേരത്തെ, എലപ്പുള്ളിയില്‍ ബ്രൂവറി വിഷയത്തില്‍ സര്‍ക്കാര്‍ തിരുത്തലിന് തയാറാകണമെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കൃഷിക്കുള്ള വെള്ളം മദ്യനിര്‍മാണത്തിനായി ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ജനങ്ങളുടെ താല്‍പര്യത്തിന് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പെടുത്തുമ്പോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയാറാകണമെന്നും ലേഖനത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മോകേരിയാണ് പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയത്. സി.പി.ഐക്ക് പിന്നാലെ എല്‍.ഡി.എഫിലെ മറ്റൊരു ഘടകകക്ഷിയായ ജെ.ഡി.എസിലും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. വ്യക്തമായ നിലപാട് എടുക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി കൃഷ്ണന്‍ കുട്ടിയെ പിന്‍വലിക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































