കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവി, മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും തള്ളിപ്പറയുന്നു: ജോര്‍ജ് കുര്യന്‍
ഡല്‍ഹി: കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത് പതിവ് പല്ലവിയാണെന്നും അത് തകര്‍ക്കുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. തന്റെ നിലപാടില്‍ മാറ്റമില്ല. കേരളത്തിന് പിന്നാക്കാവസ്ഥയുണ്ടെങ്കില്‍ ഫിനാന്‍സ് കമ്മീഷനെയാണ് സമീപിക്കേണ്ടത്. അതാണ് താന്‍ ഉദ്ദേശിച്ചത്. അല്ലാതെ തനിക്ക് മലക്കം മറിയേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Also Read; സംസ്ഥാന ബജറ്റില്‍ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
ഏത് വികസന പ്രവര്‍ത്തനത്തിനാണ് കേരളം സ്വന്തം നിലക്ക് പണം കണ്ടെത്തുന്നത്? സാമ്പത്തിക, വിദ്യാഭ്യാസമടക്കമുള്ള മേഖലകള്‍ തകര്‍ന്നുവെന്ന് കേരളം തുറന്ന് സമ്മതിക്കണം. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിഗണന കേരളത്തിന് കേന്ദ്രം നല്‍കിയിട്ടുണ്ട്. മോദി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എന്നിട്ടും മോദിയെ തള്ളിപ്പറയുന്നു. കേരളത്തിന് ഒന്നും ചെയ്യുന്നില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? വിഴിഞ്ഞം അനങ്ങിയത് മോദി വന്നതിന് ശേഷം മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
മോദി ചെയ്യുന്നതല്ലാതെ ഒരു വികസന പ്രവര്‍ത്തനവും കേരളത്തില്‍ നടക്കുന്നില്ല. മോദിയെ കുറ്റം പറയണം. ക്രെഡിറ്റ് കൊടുക്കാന്‍ തയ്യാറല്ല. എല്ലാ പദ്ധതികള്‍ക്കും മോദി പണം നല്‍കുന്നുണ്ട്. മോദി കൊടുക്കുന്നതല്ലാതെ എന്താണ് കേരളത്തിലുള്ളതെന്നും ജോര്‍ജ് കുര്യന്‍ ചോദിച്ചു. ഫിനാന്‍സ് കമ്മീഷനോട് സത്യം പറയണം. സാമ്പത്തിക സ്ഥിതിയെ കുറിച്ച് തുറന്ന് പറഞ്ഞാല്‍ താനും ഒപ്പം നില്‍ക്കാം. മോദി സഹായിച്ചതുകൊണ്ട് കേരളം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാമതെത്തി. കേരളത്തിന്റെ കാപട്യം നിരന്തരം തുറന്ന് കാട്ടും. പിച്ച ചട്ടിയുമായി ഇങ്ങോട് വരേണ്ട. അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുമെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..