സി പി ഐ എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
![](https://metropostkerala.com/wp-content/uploads/2025/02/WhatsApp-Image-2025-02-09-at-11.19.19.jpeg)
തൃശൂര്‍: സിപിഐഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. കുന്നംകുളത്താണ് ഇത്തവണ സമ്മേളനം നടക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഉദ്ഘാടന സെഷന് ശേഷം ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പിന്നാലെ ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടക്കും. സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സംസ്ഥാനത്ത് നടക്കുന്ന അവസാനത്തെ ജില്ലാ സമ്മേളനമാണിത്.
സംസ്ഥാന സിപിഐഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ഗൗരവമായ വിമര്‍ശനങ്ങള്‍ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു വരും. ഇതിന് പുറമെ മറ്റ് സഹകരണ ബാങ്കുകളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്നും ബിജെപി അക്കൗണ്ട് തുറക്കാനിടയായതും ചൂടുള്ള ചര്‍ച്ചയാകും.
ഫെബ്രുവരി 11ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിലവില്‍ ജില്ലാ സെക്രട്ടറിയായ എം എം വര്‍ഗീസ് ചുമതല ഒഴിഞ്ഞേക്കും. എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍ സിഐടിയു ജില്ലാ സെക്രട്ടറി യുപി ജോസഫ് എന്നിവരെയാണ് പുതിയ സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നത്.