കേന്ദ്ര ഫണ്ട് വേണമെങ്കില്‍ എന്‍ഡിഎയില്‍ ചേരണമെന്ന് മോദി പറഞ്ഞെന്ന് വെളിപ്പെടുത്തി ഡിഎംകെ

പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സഖ്യത്തിലേക്ക് ഡിഎംകെയെ ക്ഷണിച്ചിരുന്നെന്ന് പാര്‍ട്ടി ഖജാന്‍ജിയും എംപിയുമായ ടി.ആര്‍ ബാലു. എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ തമിഴ്നാടിനു കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി സൂചിപ്പിച്ചെന്നും ബാലു പറഞ്ഞു. എന്നാല്‍, ഹിന്ദി അറിയാത്ത ബാലു പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധരിച്ചതാവും എന്നാണ് തമിഴ്നാട് ബിജെപി പറയുന്നത്.
Also Read; ലഹരി വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും
വിദ്യാഭ്യാസ മേഖലയില്‍ തമിഴ്നാടിനു കിട്ടേണ്ട വിഹിതം കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു വകമാറ്റി നല്‍കിയതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബാലുവിന്റെ വെളിപ്പെടുത്തല്‍. തമിഴ്നാടിന് കേന്ദ്രഫണ്ട് കിട്ടണമെങ്കില്‍ ഡിഎംകെ ബിജെപി സഖ്യത്തില്‍ ചേരണമെന്ന് മോദി തന്നോടു പറഞ്ഞിരുന്നതായി കഴിഞ്ഞദിവസം കാഞ്ചീപുരത്ത് പാര്‍ട്ടി പൊതുയോഗത്തില്‍ സംസാരിക്കവേയാണ് ബാലു അവകാശപ്പെട്ടത്. സുവ്യക്തമായ പ്രലോഭനമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെന്നു പറഞ്ഞ ബാലു ഈ ക്ഷണം താന്‍ തള്ളിക്കളഞ്ഞെന്നും വ്യക്തമാക്കി. തേന്‍പുരട്ടിയ വിഷമെന്നാണ് മോദിയുടെ വാക്കുകളെ ബാലു വിശേഷിപ്പിച്ചത്. ഇത്തരം ചതിക്കുഴികളില്‍ വീണുപോകരുതെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരെ ഉപദേശിക്കുകയും ചെയ്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്നാല്‍, കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതെന്നും ബാലു അത് തെറ്റിദ്ധരിച്ചതാണെന്നും തമിഴ്നാട് ബിജെപി ഉപാധ്യക്ഷന്‍ നാരായണന്‍ തിരുപ്പതി പറഞ്ഞു. ഹിന്ദി അറിയാത്തയാളാണ് ബാലുവെന്നും അതുകൊണ്ടാണ് മോദി പറഞ്ഞത് മനസ്സിലാവാതിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.