ചാലക്കുടിയിലെ ബാങ്ക് കൊള്ള; പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
![](https://metropostkerala.com/wp-content/uploads/2025/02/chalakkudy-robbery-991x564.jpg)
തൃശ്ശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ഫെഡറല്‍ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവര്‍ന്ന പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെയാണ് മോഷണം നടക്കുന്നത്. കവര്‍ച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗം വരെ മോഷ്ടാവ് സ്‌കൂട്ടറില്‍ സഞ്ചരിച്ചതായി പോലീസിന് സിസിടിവിയില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിപുലമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.
Also Read; ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശം; കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം
ഇന്നലെയാണ് ഹെല്‍മെറ്റും ജാക്കറ്റും ധരിച്ച മോഷ്ടാവ് ബൈക്കില്‍ ബാങ്കിലെത്തിയത്. ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബാത്ത്‌റൂമില്‍ കയറ്റി ഡോര്‍ അടച്ചു. തുടര്‍ന്ന് ക്യാഷ് കൗണ്ടര്‍ അടിച്ചു തകര്‍ത്താണ് പണം കവര്‍ന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകള്‍ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നില്‍ എന്ന സൂചനയാണ് പോലീസിനുള്ളത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ആസൂത്രിതമായ കവര്‍ച്ചയാണെന്നാണ് പോലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കില്‍ എത്തിയിട്ടുണ്ടാകാമെന്നും പോലീസ് പറയുന്നു. ഉച്ചഭക്ഷണ വേളയില്‍ ഇടപാടുകാര്‍ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയതെന്നതും മൂന്ന് മിനിറ്റിനുള്ളില്‍ മോഷണം നടത്തി തിരികെ പോയതും ഈ സാധ്യതയെ സാധൂകരിക്കുന്നതാണ്.