വയനാട് ഉരുള്‍ പൊട്ടല്‍; കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തം

കല്‍പ്പറ്റ: വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനം പുറത്ത് വിട്ട ആദ്യഘട്ട പുനരധിവാസ പട്ടികയില്‍ അര്‍ഹരായവര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പുനരധിവാസം വൈകുന്നതിലും സമരം നടത്താനാണ് ദുരന്തബാധിതരുടെ നീക്കം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരില്‍ 529.50 കോടിയുടെ വായ്പയാണ് കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധനനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷന്‍, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം, വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കായാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പ്രത്യേകഫണ്ട് അനുവദിക്കാതെ വായ്പമാത്രം നല്‍കിയതാണ് ദുരന്തബാധിതരെ പ്രതിഷേധത്തിലേക്ക് നയിക്കാന്‍ കാരണം.