ഷൂട്ടിംഗിനായി ഡല്‍ഹിയിലെത്തിയ മമ്മൂട്ടി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ ഷൂട്ടിംഗിനായി തലസ്ഥാന നഗരിയിലെത്തിയ മമ്മൂട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ സുല്‍ഫത്തിനും ജോണ്‍ ബ്രിട്ടാസ് എം പിക്കുമൊപ്പമായിരുന്നു കൂടിക്കാഴ്ച. ആന്റോ ജോസഫ് നിര്‍മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് മമ്മുട്ടി ഡല്‍ഹിയിലെത്തിയത്. ഈ മാസം 25 വരെയാണ് ഷൂട്ടിംഗുള്ളത്.
ഇതേ സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ നാളെ എത്തും. രണ്ട് സൂപ്പര്‍ താരങ്ങളും ഒരു ഷൂട്ടിനായി ആദ്യമായിട്ടാണ് തലസ്ഥാന നഗരിയില്‍ ഒരുമിക്കുന്നത്. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ കരിയര്‍ ബ്രേക്ക് ആയിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി. അതിന് ശേഷം സുരേഷ് ഗോപിക്കൊപ്പം ഷാജി കൈലാസിന്റെ ദി കിംഗ് ആന്‍ഡ് കമ്മീഷണര്‍ ആണ് ഡല്‍ഹിയില്‍ ഷൂട്ട് ചെയ്ത മമ്മൂട്ടി ചിത്രം. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന മഹേഷ് നാരായണ്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ തുടങ്ങീ താരനിരയുണ്ട്.