#news #Top Four

കോഴിക്കോട് ട്യൂഷന്‍ സെന്ററിനുമുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പത്താം ക്ലാസുകാരന്‍ കോമയില്‍

കോഴിക്കോട്: താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിനു സമീപം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പരിപാടിയോടനുബന്ധിച്ച് നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിനു പിന്നാലെ തുടങ്ങിയ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സംഭവത്തില്‍ പരുക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരമാണ്.

Also Read; ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; തമന്നയേയും കാജല്‍ അഗര്‍വാളിനേയും ചോദ്യം ചെയ്യും

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസിനാണ് തലക്ക് സാരമായി പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച നടന്ന പരിപാടിയില്‍ എളേറ്റില്‍ വട്ടോളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെ ഫോണ്‍ തകരാറായി പാട്ട് നില്‍ക്കുകയും ഡാന്‍സ് തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ കൂകി വിളിച്ചു. കൂകി വിളിച്ചവരോട് നൃത്തം ചെയ്ത പെണ്‍കുട്ടി ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകര്‍ പിടിച്ചുമാറ്റിയിരുന്നു.

ഇതിനെ തുടര്‍ന്ന് പിന്നീടുണ്ടായ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റത്. എന്നാല്‍ പുറത്ത് പരുക്കൊന്നും കാണാത്തതിനാല്‍ ഷഹബാസിനെ ഏതാനും കൂട്ടുകാര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ചു. മകന്‍ തളര്‍ന്നു കിടക്കുന്നതു കണ്ട് ഷഹബാസിന് ആരെങ്കിലും ലഹരിവസ്തുക്കള്‍ നല്‍കിയതാണോ എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നാലെ അവന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ആക്രമണത്തെ കുറിച്ച് വിവരമറിയുന്നത്. രാത്രി ഏഴു മണിയോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷഹബാസിന്റെ നില അതീവ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ കുട്ടി കോമ അവസ്ഥയിലാണുള്ളത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *