തൃശൂര്‍പൂരം നടത്തിപ്പില്‍ അനിശ്ചിതത്വം വരാന്‍ പാടില്ല, സുരക്ഷ ആക്ഷന്‍ പ്ലാന്‍ നേരത്തെ തയ്യാറാക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍പൂരത്തിന് മുന്‍പ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ല. ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തില്‍ പൂരം നടക്കണം. സുരക്ഷയില്‍ വിട്ടുവീഴ്ച വരാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ വര്‍ഷം മെയ് ആറിനാണ് തൃശൂര്‍ പൂരം. ഇതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം മുന്നോട്ടുവെച്ചത്.
കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന്റെ സംഘാടനത്തില്‍ പാളിച്ചകള്‍ സംഭവിച്ചതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മെയ് ആറിന് നടക്കുന്ന ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് മുന്നോടിയായി ഇന്ന് യോഗം ചേര്‍ന്നു. പൂരത്തിന് മുന്‍പ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ലെന്നും, ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയില്‍ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
പൂരം എക്‌സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീര്‍പ്പ് വ്യവസ്ഥ കൊച്ചില്‍ ദേവസ്വം ബോര്‍ഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കണം.