സിപിഎം സമ്മേളനത്തിനെത്തി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് മുകേഷ്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. സ്വന്തം മണ്ഡലത്തില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും മുകേഷ് എം.എല്‍.എയുടെ അസാന്നിധ്യം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും വിമര്‍ശിച്ചുമാണ് മുകേഷ് ആദ്യം പ്രതികരിച്ചത്. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
Also Read; താനൂരിലെ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; സഹായിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു
‘രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. പിന്നെ, നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ.’ നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് പറഞ്ഞു.
‘ബ്രാഞ്ച് സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ച് ഒരാള്‍ ഇന്ന് രാവിലെ ലണ്ടനില്‍നിന്ന് വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറഞ്ഞത്. എന്താണ് ലണ്ടനില്‍ പോയതെന്ന് ചോദിച്ചപ്പോള്‍ ജോലിയാണെന്നാണ് പറഞ്ഞത്. ഞാനും ജോലിക്ക് തന്നെയാണ് പോയതെന്നും ഇന്ന് സമ്മേളനത്തിന് പോകുമെന്നുമാണ് അയാളെ അറിയിച്ചതെന്നും’ മുകേഷ് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































