‘കമ്പനിയെ നശിപ്പിക്കാന്‍ ശ്രമം, ദൃശ്യങ്ങള്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ചത്’; പ്രതികരിച്ച് തൊഴില്‍ പീഡന വീഡിയോയിലെ യുവാക്കള്‍
കൊച്ചി: തൊഴില്‍ പീഡനമെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ചതാണെന്ന നിലപാട് ആവര്‍ത്തിച്ച് കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സിലെ ജീവനക്കാര്‍. ഇന്നലെ പ്രചരിച്ച വിവാദ വീഡിയോയിലുണ്ടായിരുന്ന യുവാക്കളാണ് ഇപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. സ്ഥാപനത്തില്‍ മുന്‍പുണ്ടായിരുന്ന ജീവനക്കാരനായ മനാഫ്, ജനറല്‍ മാനേജറോടുള്ള പക വീട്ടാനാണ് മുന്‍പെടുത്ത ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിച്ചതെന്നാണ് യുവാക്കള്‍ പറയുന്നത്.
Also Read; ‘താന്‍ മുസ്ലീം വിരോധിയല്ല’; മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി
‘ബിസിനസ് ഡെവലപ്മെന്റിന്റെ പേരിലാണ് അന്ന് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. മനാഫിനെതിരെ കേസ് കൊടുക്കും. വീഡിയോ ചിത്രീകരിച്ചിട്ട് നാല് മാസമായി. ഞങ്ങള്‍ ഇപ്പോഴും സ്ഥാപനത്തിലെ ജീവനക്കാരാണ്. കമ്പനിയെ നശിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുളള കാര്യങ്ങള്‍ ചെയ്യുന്നത്. കമ്പനിക്ക് ഇതില്‍ യാതൊരു പങ്കുമില്ല’-യുവാക്കള്‍ വ്യക്തമാക്കി.
മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പവര്‍ലിങ്ക്‌സില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ അതിക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് കാണിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. സംഭവത്തില്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും പീഡനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































