സിപിഎമ്മില്‍ അസാധാരണ സാഹചര്യം, പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരം

മധുര: മധുരയില്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അവസാന മണിക്കൂറുകളില്‍ അസാധാരണ സാഹചര്യം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ മത്സരത്തിലേക്ക് നീങ്ങിയെന്നാണ് വ്യക്തമാകുന്നത്. സി പി എമ്മില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ മത്സരം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയില്‍ എതിര്‍പ്പ് ഉയര്‍ത്തി മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രതിനിധിയായ ഡി എല്‍ കരാഡ് മത്സരിക്കുകയായിരുന്നു. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷനാണ് കരാഡ്.
പുതിയ കേന്ദ്ര കമ്മിറ്റി പട്ടിക അംഗീകരിക്കില്ലെന്നും വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ്, മഹരാഷ്ട്ര കമ്മിറ്റികളും രംഗത്തെത്തിയിരുന്നു. യു പി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്ര തന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടതായാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇദ്ദേഹം പിന്നീട് പാര്‍ട്ടി നിര്‍ദ്ദേശത്തിന് വഴങ്ങിയതായും വിവരമുണ്ട്. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളില്‍ നിന്നുള്ള 3 പേരാണ് ആദ്യം മത്സരരംഗത്തേക്ക് എത്തിയത്. രണ്ട് പേര് പിന്‍വാങ്ങിയെങ്കിലും ഡി എല്‍ കരാഡ് മത്സര രംഗത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു. ഇനി പ്രതിനിധികളുടെ വോട്ടെടുപ്പിന് ശേഷമാകും കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയെയും പ്രഖ്യാപിക്കുക.