സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു; മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി

കൊല്ലം: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് സി രാമചന്ദ്രന്‍ നായര്‍ കമ്മീഷന് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മുനമ്പത്തുകാരുടെ ആശങ്കയ്ക്ക് പരിഹാരം കാണാന്‍ കഴിയും വിധത്തിലുള്ള ശുപാര്‍ശകള്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍, കമ്മീഷന്‍ തുടരേണ്ടത് അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
Also Read; സംസ്ഥാനത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം
സിംഗിള്‍ ബെഞ്ച് ഉത്തരവ് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. അതിനാല്‍, ഡിവിഷന്‍ ബെഞ്ച് ഉത്തരവ് വരുന്നത് വരെ മുനമ്പം കമ്മീഷന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്. ഇതനുസരിച്ച് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്നും സര്‍ക്കാരിന് അനുകൂല നിലപാട് ഉണ്ടായിരിക്കുകയാണ്. ഫെബ്രുവരി 28ന് മുനമ്പം കമ്മീഷന്റെ കാലാവധി കഴിഞ്ഞിരുന്നു. ശേഷം മൂന്ന് മാസത്തേക്ക് കൂടി സര്‍ക്കാര്‍ സമയം നീട്ടിക്കൊടുത്തു. ഹൈക്കോടതിയിലടക്കം ഹര്‍ജികള്‍ വന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
കമ്മീഷന്‍ പ്രവര്‍ത്തനം ഇന്ന് തന്നെ പുനഃരാരംഭിക്കുമെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. മേയ് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് മാസം കമ്മീഷന്‍ പ്രവര്‍ത്തനം നിലച്ചിരുന്നു. വഖഫ് നിയമ ഭേദഗതി കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ഭേദഗതി നിലവില്‍ വന്നാലും ഓരോ കേസിലും കോടതിയാകും തീരുമാനമെടുക്കുകയെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.
Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..