മദ്യപിക്കാത്തയാള്‍ മദ്യപിച്ചതായി സിഗ്നല്‍; കെഎസ്ആര്‍ടിസിയിലെ ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ വിവാദം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ നടത്തുന്ന ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ വിവാദം. മദ്യപിച്ചെന്ന് കണ്ടെത്തിയ പാലോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജയപ്രകാശ് താന്‍ ജീവിതത്തില്‍ മദ്യപിച്ചിട്ടില്ലെന്നാണ് പറയുന്നത്. തകരാറുള്ള മെഷീന്‍ വെച്ചാണ് പരിശോധിച്ചതെന്നും ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിക്കുന്നു എന്നും ജയപ്രകാശ് പറഞ്ഞു. കൂടാതെ ഡിപ്പോക്ക് മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്നും ജയപ്രകാശും കുടുംബവും അറിയിച്ചു.
ഇന്ന് രാവിലെയാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ നടത്തിയ പരിശോധനയില്‍ ബ്രെത്ത് അനലൈസറില്‍ സിഗ്‌നല്‍ 16 എന്ന് കാണിച്ചിരുന്നു. മദ്യപിച്ചിട്ടുണ്ട് എന്നാണ് ഈ സിഗ്‌നല്‍. എന്നാല്‍ ജീവിതത്തിലിന്നുവരെ മദ്യപിച്ചിട്ടില്ലെന്നാണ് ജയപ്രകാശ് പറയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തകരാറിലുള്ള മെഷീനാണിത് എന്നും ജയപ്രകാശ് പറയുന്നു. അതുകൊണ്ടാണ് തെറ്റായ സിഗ്‌നല്‍ വന്നിരിക്കുന്നത്. തകരാറുള്ള മെഷീന്‍ മാറ്റിവെക്കണമെന്ന് പറഞ്ഞിട്ട് ചെയ്തില്ല. ഒരിക്കല്‍കൂടി പരിശോധന നടത്തണമെന്ന് പറഞ്ഞിട്ട് അതിനും തയ്യാറായില്ലെന്ന് ജയപ്രകാശ് വ്യക്തമാക്കി. ഇതെല്ലാം ചൂണ്ടിക്കാട്ടി ജയപ്രകാശ് പാലോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































