കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലുണ്ടായ പുക; അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പുകയെത്തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ഗോപാലന്‍, ഗംഗാധരന്‍, സുരേന്ദ്രന്‍, ഗംഗ, നസീറ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഞ്ച് രോഗികള്‍ പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചെന്ന ആരോപണത്തിലാണ് നടപടി.
Also Read; വേടന്റെ അറസ്റ്റ്; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും
മരണപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിത്ത് കുമാര്‍ പറഞ്ഞു. അപകടമുണ്ടായ കെട്ടിടത്തിലെ മരുന്നുകള്‍ മാറ്റാന്‍ പ്രിന്‍സിപ്പല്‍, പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്കാണ് മരുന്നുകള്‍ മാറ്റുന്നത്.
ആശുപത്രിയിലുണ്ടായ പുക കാരണം രോഗികള്‍ മരിച്ചെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചിരുന്നു. മരിച്ച അഞ്ചുപേരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരിച്ചത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍നിന്നാണ് പുക ഉയര്‍ന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുപിഎസ് റൂമില്‍ ഷോര്‍ട്ട് സര്‍ക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. 200ലധികം രോഗികളെയാണ് ഇന്നലെ മാത്രം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്.