റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിലേക്ക് മാറാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ (പിങ്ക് കാര്‍ഡ് ) വിഭാഗത്തിലേക്ക് മാറ്റാന്‍ ഈ മാസം 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
അക്ഷയ കേന്ദ്രങ്ങള്‍ / ജനസേവന കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ അപേക്ഷ നല്‍കാം. കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ തിരുത്തല്‍ വരുത്തി അപേക്ഷിക്കണം. മുന്‍ഗണനാ കാര്‍ഡില്‍ കൂടുതല്‍ റേഷന്‍ വിഹിതം സൗജന്യ നിരക്കില്‍ ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങള്‍ക്കും ഈ കാര്‍ഡ് ഉപയോഗിക്കാം. നിലവില്‍ 42.22 ലക്ഷം മുന്‍ഗണനാ കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്.
Also Read; സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
പരമ്പരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങള്‍, തദ്ദേശ വകുപ്പിന്റെ ബിപിഎല്‍ പട്ടികയിലുള്ളവര്‍, ആശ്രയ പദ്ധതി അംഗങ്ങള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍ ജോലിയില്ലാത്ത പട്ടികവര്‍ഗക്കാര്‍, കുടുംബാംഗങ്ങള്‍ എച്ച്‌ഐവി പോസിറ്റീവ്, കാന്‍സര്‍ ബാധിതര്‍, ഓട്ടിസമുള്ളവര്‍, ഗുരുതര ശാരീരിക മാനസിക വെല്ലുവിളിയുള്ളവര്‍, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, വൃക്കയോ ഹൃദയമോ മാറ്റിവച്ചവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവര്‍, നിര്‍ധന നിരാലംബ സ്ത്രീയോ വിധവയോ (21 തികഞ്ഞ പുരുഷന്മാരില്ലാത്ത ഇടങ്ങളില്‍) അവിവാഹിത അമ്മയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ ഗൃഹനാഥയായ കുടുംബങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുണ്ട്.
അര്‍ഹതയുള്ളവര്‍ വീടിന്റെ തറ വിസ്തീര്‍ണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025 വര്‍ഷത്തെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎല്‍ സാക്ഷ്യപത്രം, വില്ലേജ് ഓഫീസില്‍നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗക്കാര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഭവന നിര്‍മാണ പദ്ധതി വഴി വീട് ലഭിച്ചവര്‍, ജീര്‍ണാവസ്ഥയിലുള്ള വീടുള്ളവര്‍, വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവര്‍ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകര്‍പ്പ്, മാരക രോഗങ്ങളുള്ളവര്‍ അത് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.