#news #Top Four

ഒടുവില്‍ വി സി മോഹനന്‍ കുന്നുമ്മല്‍ കേരള സര്‍വകലാശാലയിലെത്തി: തടയാതെ എസ് എഫ് ഐ

തിരുവനന്തപുരം: കേരളാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാലയിലെത്തി. വന്‍ പോലീസ് സന്നാഹത്തിനു നടുവിലാണ് വി സി സര്‍വകലാശാലയിലെത്തിയത്. എസ്എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ വരാതെ വിട്ടുനില്‍ക്കുകയായിരുന്നു വി സി മോഹനന്‍ കുന്നുമ്മല്‍. വി സി വന്നാല്‍ തടയുമെന്ന് നേരത്തെ എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് പ്രതിഷേധമൊന്നും ഉണ്ടായില്ല. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാന്‍ വന്ന വി സിയെ തടയേണ്ടതില്ലെന്നും ഈ ഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കണമെന്നുമാണ് വിഷയത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ചിരിക്കുന്ന നിലപാട്.

Also Read; ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി റിയാസിന്റെ പേരില്‍ ഫലകം വെച്ചു; ശുദ്ധ തോന്നിവാസമെന്ന് കോണ്‍ഗ്രസ്

വലിയ ഭരണപ്രതിസന്ധി സര്‍വകലാശാലയിലുണ്ടായിരുന്നു. ജീവന് ഭീഷണിയുളളതിനാല്‍ സര്‍വകലാശാലയിലേക്ക് വരാന്‍ കഴിയുന്നില്ലെന്നാണ് നേരത്തെ വി സി പറഞ്ഞിരുന്നത്. പിന്നീട് വി സി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്നാണ് തിരുവനന്തപുരത്ത് സര്‍വകലാശാലയിലെത്തിയത്. വി സി സര്‍വകലാശാലയില്‍ വരാതെ ഒളിച്ചുകളിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളുടെ സുപ്രധാന സര്‍ട്ടിഫിക്കറ്റുകളൊന്നും ഒപ്പിടാതെ വിട്ടുനില്‍ക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നും ആരോപിച്ചാണ് സര്‍വകലാശാലയിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തിയതും വിചാരണാ സദസ് നടത്തിയതും ബാനര്‍ കെട്ടിയതുമെല്ലാം. എന്നാല്‍ ഇന്ന് വി സി സര്‍വകലാശാലയിലേക്ക് വരുമ്പോള്‍ ഒരിടത്തുപോലും എസ്എഫ്ഐ പ്രതിഷേധമുണ്ടായില്ല.

കഴിഞ്ഞയാഴ്ച്ചയാണ് കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയായിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. വി സിയുടെ ഓഫീസിലേക്ക് കടക്കാനുളള വഴികളെല്ലാം ബലംപ്രയോഗിച്ച് തളളിത്തുറന്ന് പ്രവര്‍ത്തകര്‍ ഉളളിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. വി സിയുടെ തുടരെയുള്ള നിര്‍ദേശങ്ങളെ തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *