#news #Top Four

കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്‌കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തല്‍

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയെന്ന് കണ്ടെത്തല്‍. പതിറ്റാണ്ടുകളായി വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്‌കൂള്‍ ഷെഡ് പണിയാന്‍ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കിയത് മതിയായ പരിശോധന ഇല്ലാതെയാണെന്നും കണ്ടെത്തി. അതേസമയം, സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും. ഡിജിഇയുടെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

അതേസമയം, പോലീസ് ഇന്ന് സ്‌കൂള്‍ അധികൃതരുടെ മൊഴിയെടുക്കും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്‌കൂളില്‍ വീണ്ടും പരിശോധന നടത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്‌കൂളില്‍ പരിശോധന നടത്തും. ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.

വിദേശത്തുള്ള അമ്മ സുജ നാട്ടില്‍ എത്തുംവരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുര്‍ക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്ന മുറയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കും. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഇന്നും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളും പരിസരവും കനത്ത പോലീസ് സുരക്ഷയിലാണ്.

കെഎസ്‌യു, എബിവിപി, ഫ്രറ്റേണിറ്റി എന്നീ സംഘടനകള്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മിഥുന്റെ മരണത്തിന്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ തേവലക്കര സ്‌കൂളിന് ഇന്ന് അവധിയാണ്. ബാലവകാശ കമ്മീഷന്‍ സ്‌കൂളില്‍ എത്തി പരിശോധന നടത്തും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും തുടരുകയാണ്.

Leave a comment

Your email address will not be published. Required fields are marked *