#news #Top Four

മിഥുന് വിട നല്‍കാന്‍ നാട്; സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. വിദേശത്തുള്ള അമ്മ സുജ ഉച്ചയോടെ വീട്ടിലെത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മിഥുന്റെ മൃതദേഹം സ്‌കൂളില്‍ എത്തിക്കും. 12 മണിവരെ സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വിലാപയാത്രയായി മിഥുന്റെ മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലെത്തിക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്‌കാരം. മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂള്‍ മാനേജരാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതായാണ് ഉത്തരവില്‍ പറയുന്നത്. സീനിയര്‍ അധ്യാപിക മോളിക്ക് പ്രധാനാധ്യാപികയുടെ പകരം ചുമതല നല്‍കി.

കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് മുഖേന കുടുംബത്തിന് മികച്ച വീട് നിര്‍മ്മിച്ചു നല്‍കും. ഇളയകുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും. കുടുംബത്തിന് അടിയന്തിര സഹായമെന്ന നിലയില്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *