കലാഭവന്‍ നവാസിന്റെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് ചോറ്റാനിക്കര പോലീസ് കേസെടുത്തു. ഇന്നലെ രാത്രിയോടെ ബോധരഹിതനായ നിലയില്‍ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ നവാസിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയത്. ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമില്‍ വിശ്രമിക്കുന്ന സമയത്ത് രാത്രി 8.45 ഓടെയാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുന്നത്.
നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. അര്‍ധ രാത്രി 12 മണിയോടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 4.00 മുതല്‍ 5.30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനം നടത്തും.
ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനാണ് കലാഭവന്‍ നവാസ്. ഭാര്യ രെഹ്നയും സിനിമാതാരമാണ്. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകവെയാണ് നവാസിന്റെ വിയോഗം. ഇന്നും നാളെയും ഷൂട്ടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നടന്‍.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെയാണ് നവാസ് ശ്രദ്ധേയനായത്. 1995-ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്, ചൈതന്യം, മിമിക്‌സ് ആക്ഷന്‍ 500, ഏഴരക്കൂട്ടം, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഹിറ്റ്‌ലര്‍, ബ്രദേഴ്‌സ്, ബസ് കണ്ടക്ടര്‍, കിടിലോല്‍ കിടിലം, മായാജാലം, മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടിമച്ചാന്‍, അമ്മ അമ്മായിയമ്മ, മൈ ഡിയര്‍ കരടി, ചന്ദാമാമ, വണ്‍മാന്‍ ഷോ, തില്ലാന തില്ലാന, വെട്ടം, ചക്കരമുത്ത്, ചട്ടമ്പിനാട്, തത്സമയം ഒരു പെണ്‍കുട്ടി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.