October 25, 2025
#news #Top Four

പത്താംക്ലാസുകാരന്റെ കര്‍ണപുടം അടിച്ചുപൊട്ടിച്ച് സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴി സ്‌കൂളില്‍ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കര്‍ണ്ണപുടം പൊട്ടിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ബിഎന്‍എസ് 126(2), 115(2), എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബേഡകം പോലീസ് കേസെടുത്തത്. വിഷയത്തില്‍ സ്വമോധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി തെളിവെടുക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി മധുസൂദനന്‍ ഇന്നലെ കുണ്ടംകുഴി സ്‌കൂളിലെത്തി ഹെഡ്മാസ്റ്റര്‍ എം അശോകന്റെയും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ നടപടിയുണ്ടായേക്കും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റര്‍ അടിച്ച് കര്‍ണ്ണപുടം പൊട്ടിച്ചത്. കുട്ടിയെ അസംബ്ലിയില്‍ വച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛര്‍ദിയും തലകറക്കവുമുണ്ടായെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സംഭവത്തില്‍ വിശദമായ പരിശോധന ഉണ്ടാകുമെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *