പരിപാടിയുടെ ശോഭ കെടും; ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനോട് പാലക്കാട് നഗരസഭ
പാലക്കാട്: ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിലക്കി പാലക്കാട് നഗരസഭ. നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭ കത്തയച്ചു. ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ പങ്കെടുത്താല്‍ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഇത് പരിപാടിയുടെ ശോഭ കെടുത്തുമെന്നും എംഎല്‍എയ്ക്ക് നല്‍കിയ കത്തില്‍ പാലക്കാട് നഗരസഭ വ്യക്തമാക്കി. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ കൃഷ്ണദാസാണ് കത്ത് കൈമാറിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് നഗരസഭ നല്‍കിയ കത്തില്‍ പറയുന്നത്
‘2025 ആഗസ്റ്റ് 22-ന് വൈകുന്നേരം 4 മണിക്ക് പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് താങ്കളെ വിശിഷ്ഠാതിഥിയായി ക്ഷണിച്ചിരുന്നുവല്ലോ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താങ്കള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ഗുരുതരമായ ആരോപണങ്ങള്‍ കണക്കിലെടുത്തും, പാലക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ബസ് സ്റ്റാന്റ് ഉദ്ഘാടന ചടങ്ങിലേക്ക് ചില സംഘടനകള്‍ താങ്കള്‍ക്കെതിരെ സമരപരിപാടിയുമായി വരുവാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലായതിനാലും, പരിപാടിയുടെ ശോഭകെടുമെന്ന് ശങ്കയുള്ളതിനാലും ചടങ്ങില്‍ അനിഷ്ഠസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് മേല്‍പറഞ്ഞ പരിപാടിയില്‍ നിന്ന് താങ്കള്‍ വിട്ട് നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































