ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം; അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ.യു.ഡബ്ലു.ജെ
തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമം അപലപനീയവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഷാജനെ ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അപ്രിയകരമായ വാര്‍ത്തയെ തല്ലിയൊതുക്കി നിശ്ശബ്ദരാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണെന്നും കെഡബ്ല്യുജെ പറഞ്ഞു. കര്‍ക്കശ നടപടിക്കും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
Also Read: കടകംപള്ളി സുരേന്ദ്രന്‍ സ്ത്രീകളോട് മോശമായി പെരുമാറി; ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്
നഗരത്തിലെ മങ്ങാട്ടുകവലയില്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്ക് സമീപത്ത് ഇന്നലെ വൈകിട്ട് 6 അരയോടെയായിരുന്നു ഷാജന്‍ സക്കറിയയ്ക്കു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ നാലംഗ സംഘം ആക്രമിക്കുകയായിരുന്നു.
മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു.





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































