സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് ; കോട്ടയം ,എറണാംകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്.രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.കോട്ടയം ,എറണാംകുളം ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ടുള്ളത്.പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും.നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read ; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി
എറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്ന് രാവിലെ അതിശക്തമായ മഴയാണ് ലഭിച്ചത്.കൊച്ചിയില്‍ രാവിലെ 9.10 മുതല്‍ 10.10 വരെ മാത്രം പെയ്തത് 100 മില്ലി മീറ്റര്‍ മഴയാണ്. 11 മണി മുതല്‍ 12 മണി വരെ 98.4 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. മഴയില്‍ കൊച്ചിയില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. ഗതാഗതക്കുരുക്കും രൂക്ഷമാണ്. എംജി റോഡ്, ഇന്‍ഫോ പാര്‍ക്ക് തുടങ്ങിയ ഇടങ്ങളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കാക്കനാട് വാഴക്കാല മാര്‍ക്കറ്റ് വെള്ളത്തില്‍ മുങ്ങി. മാര്‍ക്കറ്റില്‍ മീന്‍, മാംസം, പച്ചക്കറികള്‍ തുടങ്ങിയവ വെള്ളത്തില്‍ നശിച്ചു. അങ്കമാലിയില്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ ഒഴുകിപ്പോയി. നഗരത്തിലെ പ്രധാന റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തെക്കന്‍ കേരളത്തില്‍ മഴ കനക്കുകയാണ്. പലയിടത്തും ഇന്നലെ മുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നഗരമേഖലകളില്‍ അടക്കം വെള്ളക്കെട്ട് തുടരുകയാണ്. നെടുമങ്ങാട് വെമ്പായത്തും, കാട്ടാക്കടയിലും വീടുകളിലും വെള്ളം കയറി. കൊല്ലത്തും സമാനമാണ് സ്ഥിതി. കല്ലുവാതുക്കല്‍, കരീക്കോട്, ചാത്തന്നൂര്‍, കുരീപുഴ ഭാഗങ്ങളില്‍ കടകളിലും വീടുകളിലും വെള്ളം കയറി. ഹൈവേയില്‍ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു.
കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ മരംവീണും ഗതാഗതം തടസപ്പെട്ടു. ചീരങ്കാവിന് സമീപം രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ഇതോടെ ഗതാഗതം വഴി തിരിച്ചു വിട്ടു. വാളകത്ത് എംസി റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































