ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു; കൂടാതെ ബസില്‍ ടി.വി; KSRTCയില്‍ പരിഷ്‌കാരങ്ങള്‍ 5 മാസത്തിനകം

കൊല്ലം: യാത്രക്കാര്‍ ബസ് കാത്തുനിന്ന് ഇനി മുഷിയേണ്ടാ. ഓരോ റൂട്ടിലുമുള്ള കെ.എസ്.ആര്‍.ടി.സി. ബസ് വരുന്നത് മുന്‍കൂട്ടി അറിയാന്‍ ആപ്പ് വരുന്നു. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ക്ക് അടുത്തുവരുന്ന കെ.എസ്.ആര്‍.ടി.സി. ബസുകളുടെ വിവരങ്ങളും സീറ്റ് ഒഴിവുണ്ടോ എന്നതും ആപ്പിലൂടെ അറിയാന്‍ കഴിയും.
ജി.പി.എസ്. അധിഷ്ഠിതമായി ഓരോ ആറ് സെക്കന്‍ഡിലും വിവരങ്ങള്‍ പുതുക്കിക്കൊണ്ടിരിക്കും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം കൂടുതല്‍ വിപുലപ്പെടുത്തും. ബസിലെ ടിക്കറ്റ് വിതരണംമുതല്‍ വേഗംവരെ കണ്‍ട്രോള്‍ റൂമില്‍ അറിയാനുള്ള സൗകര്യവും ഇതോടനുബന്ധിച്ച് ഉണ്ടാകും.
ബസിലെ യാത്രക്കാരെ ഓരോ പ്രധാന സ്റ്റോപ്പും ടെലിവിഷന്‍ മുഖാന്തരം അനൗണ്‍സ് ചെയ്ത് അറിയിക്കും. ടി.വി.യില്‍ സ്ഥലം എഴുതിക്കാണിക്കുകയും ചെയ്യും. ഇതിനായി എല്ലാ ബസിലും ടി.വി. സജ്ജമാക്കും. ബസ് സ്റ്റേഷനുകളിലും കംപ്യൂട്ടര്‍ അധിഷ്ഠിത അനൗണ്‍സ്മെന്റ് വരും.
ടിക്കറ്റ് മെഷീനും നെറ്റ്വര്‍ക്ക് ശൃംഖലയുമടക്കം ചെയ്തുകൊടുക്കുന്നതിനായി ചില സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ചര്‍ച്ചയിലാണ്. നിരക്കു സംബന്ധിച്ച് ധാരണയായിട്ടില്ല. ഒരു ടിക്കറ്റിന് 15 പൈസ നിരക്കാണ് ഇപ്പോള്‍ കമ്പനി സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റിനും മറ്റും ഈ നിരക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പുതിയ സംവിധാനം വരുന്നതോടെ ബസുകള്‍ ഒരേ റൂട്ടില്‍ വരിവരിയായി പോകുന്നത് ഒഴിവാക്കാനാകും. ഇതിന്റെ ഭാഗമായി എല്ലാ ബസ് സ്റ്റേഷനുകളും പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിക്കും. ഇതിന് എം.എല്‍.എ.മാരുടെ ഫണ്ടില്‍നിന്ന് പണം സമാഹരിക്കുന്നതിന് നടപടികളും ആരംഭിച്ചു. നാലുമുതല്‍ ഏഴുവരെ കംപ്യൂട്ടര്‍ ഓരോ ഡിപ്പോയ്ക്കും നല്‍കും. കേന്ദ്രീകൃതമായി ഒന്നിച്ചായിരിക്കും ഇവ വാങ്ങുന്നത്.
ബസില്‍ ഭക്ഷണറാക്കും
ബിസ്‌കറ്റും ലഘുപാനീയങ്ങളും മറ്റും അടങ്ങുന്ന റാക്കുകള്‍ ബസുകളില്‍ സജ്ജീകരിക്കാന്‍ ആലോചനയുണ്ട്. പുതിയ എ.സി. സൂപ്പര്‍ഫാസ്റ്റ് ബസുകളിലെ ഈ പരീക്ഷണം ലാഭകരമാണെന്നു കണ്ടു. ഓരോ ഡിപ്പോയിലും കരാറുകാര്‍ റാക്കുകളില്‍ സാധനങ്ങള്‍ തീരുന്നതിനനുസരിച്ച് നിറയ്ക്കണം.
പരിഷ്‌കാരങ്ങള്‍ അഞ്ചുമാസത്തിനുള്ളില്‍
ആപ്പ് അധിഷ്ഠിതമായി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അഞ്ചുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ആപ്പിന്റെ ട്രയല്‍റണ്‍ നടക്കുന്നുണ്ട്. ഓരോ സമയത്തും എത്ര ടിക്കറ്റ് വിറ്റു, എത്ര കളക്ഷന്‍ ലഭിച്ചു, ഏതു ഡിപ്പോയാണ് കളക്ഷനില്‍ മുന്നില്‍ തുടങ്ങിയ വിവരങ്ങളെല്ലാം മൊബൈല്‍ ഫോണില്‍ ലഭിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് മുന്‍കൂര്‍ പണമടച്ച് വാങ്ങാവുന്ന സ്മാര്‍ട്ട് കാര്‍ഡുകളും ഏര്‍പ്പെടുത്തും. ടിക്കറ്റെടുക്കാന്‍ ഇത് ബസിനുള്ളില്‍ swipe ചെയ്യാം. എല്ലാ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാം എന്നും ഗതാഗത വകുപ്പുമന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം