#kerala #Top News

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: നുണപരിശോധനയ്ക്ക് തയാറെന്ന് വ്യക്തമാക്കി യുവതി; സംസ്ഥാനം വിട്ടെന്ന് പൊലീസ്

കൊച്ചി/കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിച്ചും താന്‍ വേണമെങ്കില്‍ നുണ പരിശോധനയ്ക്ക് തയാറാണെന്നും വ്യക്തമാക്കി യുവതി. തനിക്ക് സത്യം തുറന്നുപറയാന്‍ നിയമവ്യവസ്ഥ ഒരിക്കല്‍ കൂടി അവസരം തരുമോ എന്നും പുതുതായി പുറത്തുവിട്ട വിഡിയോയിലൂടെ യുവതി ചോദിക്കുന്നു. താന്‍ നുണപരിശോധനയ്ക്ക് വിധേയമായാല്‍ പിതാവും ബന്ധുക്കളും ഇതിന് തയാറാകുമോ എന്നും യുവതി ചോദിക്കുന്നു. ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന് അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞതിനു പിന്നാലെ മകളെ ഭര്‍തൃവീട്ടുകാര്‍ കസ്റ്റഡിയില്‍ വച്ച് സമ്മര്‍ദം ചെലുത്തി പറയിപ്പിക്കുന്നതാണ് ഇതെല്ലാമെന്ന് യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് യുവതി പുതിയ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ യുവതി മൊഴി മാറ്റിയത് കാര്യമാക്കുന്നില്ലെന്നും കേസുമായി മുന്നോട്ടു പോവുകയാണെന്നും വ്യക്തമാക്കിയ പൊലീസ്, കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ്.

Also Read ; യുഎസിനെ തകര്‍ത്ത് ഏഴു വിക്കറ്റ് വിജയത്തോടെ ഇന്ത്യ

യുവതിയുടെ വാക്കുകളിലേക്ക്: ”വീട്ടില്‍ നിന്ന് ഇക്കാര്യങ്ങളൊന്നും പറയാന്‍ പറ്റിയില്ല. തുടക്കം മുതല്‍ സത്യം പറയാന്‍ ശ്രമിക്കുന്നു. അതിന്റേതായ സമ്മര്‍ദ്ദം അനുഭവിക്കുന്നു. സമ്മര്‍ദ്ദവും ഭീഷണിയും ഒഴിവാക്കാനാണ് വീട്ടില്‍ നിന്ന് പോന്നത്. എനിക്ക് കുഴപ്പമില്ലെന്ന് അമ്മയെ വാട്‌സാപ് മെസേജ് വഴി അറിയിച്ചിരുന്നു. അവിടെ നില്‍ക്കുമ്പോഴുള്ള സമ്മര്‍ദവും ഭീഷണിയും താങ്ങാന്‍ പറ്റുന്നില്ല. അതിനു ശേഷമാണ് യുട്യൂബില്‍ വന്ന് കാര്യങ്ങള്‍ പറഞ്ഞത്. തിരുവനന്തപുരത്ത് വന്ന അന്നു തന്നെ സത്യവാങ്മൂലം ഒപ്പുവച്ചു. തുടര്‍ന്നാണ് വിഡിയോ പുറത്തുവിടണമെന്ന് തോന്നിയത്. ആരും കൂടെയില്ല എന്നും കുടുംബത്തിന്റെ പിന്തുണ കിട്ടില്ല എന്നും അറിയാം. എന്നാല്‍ ഞാന്‍ പറയുന്നതാണ് സത്യമെന്ന് എനിക്കറിയാം, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സിസിടിവിയോ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ഡിസ്ചാര്‍ജ് സമ്മറിയോ പരിശോധിച്ചാല്‍ ഞാന്‍ പറയുന്നതാണ് സത്യമെന്ന് മനസ്സിലാകും. ഞാന്‍ പറയുന്നത് സത്യമല്ലെന്നും വിശ്വസിക്കരുതെന്നും മാതാപിതാക്കള്‍ പറയുന്നത് വിഷമമുണ്ട്.”

പിന്നീട് രാഹുലിനെ പരിചയപ്പെട്ടതും ബന്ധം വിവാഹത്തിലേക്ക് എത്തിയതുമായ കാര്യങ്ങള്‍ ഇങ്ങനെ പറയുന്ന: ”ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്, ഒരു വര്‍ഷത്തോളമായി പരിചയമുണ്ട്. നാലഞ്ച് മാസത്തോളം സംസാരിച്ചു. പിന്നീടാണ് വിവാഹാലോചന വന്നത്. അവര്‍ വീട്ടില്‍ വന്ന് പെണ്ണു കണ്ടു, എന്നാല്‍ രാഹുലിന്റെ അമ്മയ്ക്ക് എന്തോ ഇഷ്ടക്കേടുണ്ടായെന്ന് തോന്നി എന്നു തോന്നി, അത് നടന്നില്ല. പിന്നീട് വേറൊരു പെണ്‍കുട്ടിയുമായി രാഹുലിന്റെ വിവാഹം ഉറപ്പിച്ചതും മറ്റും അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴി അറിയാറുണ്ടായിരുന്നു. പിന്നീട് അത് നടന്നില്ല എന്നും അറിഞ്ഞിരുന്നു.

ടെലഗ്രാമിലൂടെയാണ് പിന്നീട് സംസാരിച്ചു തുടങ്ങിയത്. വിവാഹം മുടങ്ങിയതില്‍ അദ്ദേഹം വളരെ വിഷമത്തിലായിരുന്നു. പിന്നീട് ഞങ്ങള്‍ സംസാരിച്ചു തുടങ്ങി, ഇഷ്ടത്തിലെത്തി, തുടര്‍ന്ന് വിവാഹത്തിലെത്തി. ആ സമയത്ത് നേരത്തെ വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റെ ഡിവോഴ്‌സ് കിട്ടിയിട്ടില്ല എന്നും എന്നോട് പറഞ്ഞിരുന്നു. അത് കുഴപ്പമില്ല, വൈകാതെ കിട്ടുമല്ലോ എന്നും വിവാഹം കഴിക്കാം എന്നും പറഞ്ഞത് ഞാനാണ്.

വിവാഹത്തെ ആദ്യം അച്ഛന്‍ എതിര്‍ക്കുകയാണുണ്ടായത്. രാഹുലിന്റെ വീട്ടുകാര്‍ ആദ്യം വേണ്ട എന്നു പറഞ്ഞു പോയതിനാല്‍ പിന്നീട് വന്നപ്പോള്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് അമ്മയും രാഹുലേട്ടനുമൊക്കെ സംസാരിച്ചാണ് അത് നടന്നത്. അച്ഛന്‍ ആ സമയത്ത് സാമ്പത്തികമായി അല്‍പ്പം ബുദ്ധിമുട്ടി നില്‍ക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണ ചിലവുകള്‍ക്ക് വേണ്ടി രണ്ടര ലക്ഷം രൂപയേ തരാന്‍ പറ്റൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്റെ വിവാഹ വസ്ത്രങ്ങളടക്കം വിവാഹത്തിന്റെ ചിലവുകളുെമല്ലാം രാഹുലേട്ടാനാണ് പിന്തുണച്ചത്. രാഹുലിന്റെ സ്ഥിതി നല്ലതാണെന്ന് കണ്ടിട്ട് 50 പവനെങ്കിലും നമ്മള്‍ കൊടുക്കണമെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാല്‍ രാഹുലിന്റെ ഭാഗത്ത് അത്തരം ആവശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ ബന്ധുക്കള്‍ക്ക്, പ്രത്യേകിച്ച് ഇളയച്ഛന്, ഈ വിവാഹത്തിന് താല്‍പര്യമില്ലായിരുന്നു. അദ്ദേഹം അച്ഛനെ പലപ്പോഴും സ്വാധീനിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ വിദ്യാഭ്യാസമടക്കം പല കാര്യങ്ങളിലും അച്ഛനെ പലതും പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ എനിക്കും അമ്മയ്ക്കും ചേട്ടനും ഇളയച്ഛനോട് വലിയ താല്‍പര്യമില്ലായിരുന്നു. വളരെ നല്ല രീതിയില്‍ നടന്ന ഈ കല്യാണത്തോട് ഇളയച്ഛനടക്കം ബന്ധുക്കള്‍ക്കൊക്കെ നല്ല അസൂയ ഉണ്ടായിരുന്നു”.

പിന്നീട് പൊലീസ് സ്റ്റേഷനില്‍ വച്ച് വലിയ സമ്മര്‍ദ്ദമാണ് തനിക്ക് വീട്ടുകാരില്‍ നിന്നുണ്ടായതെന്ന് യുവതി പറയുന്നു. ”ഞങ്ങള്‍ തമ്മിലുണ്ടായ ഒരു തെറ്റിദ്ധാരണ ഞങ്ങള്‍ സംസാരിച്ചു തീര്‍ത്തെങ്കിലും ഇവരെല്ലാം കൂടി ഇടപെട്ട് ഇത് കുളമാക്കുകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ ഇരുന്നപ്പോഴും ഞാന്‍ പറഞ്ഞത് എനിക്ക് രാഹുലിനൊപ്പം പോയാല്‍ മതി എന്നാണ്. എന്നാല്‍ വീട്ടുകാരുടെ സമ്മര്‍ദ്ദം മൂലം എനിക്ക് അവരുടെ കൂടെ പോകേണ്ടി വന്നു. 25 കൊല്ലമായി നിന്റെ കൂടെയുള്ള ഞങ്ങളാണോ വലുത്, കുറച്ചു ദിവസമായി അറിയുന്ന രാഹുലാണോ വലുത് എന്നാണ് അവര്‍ ചോദിച്ചത്. ഞാന്‍ രാഹുലിനൊപ്പം പോയാല്‍ അമ്മ ജീവിച്ചിരിക്കില്ല എന്നൊക്കെയാണ് സി.ഐയുടെ മുമ്പില്‍ വച്ച് പറഞ്ഞത്. എനിക്ക് പരാതി ഇല്ല എന്നു പറഞ്ഞതു കൊണ്ടാണ് തുടക്കത്തില്‍ കേസ് എടുക്കാതിരുന്നതും.

മാത്രമല്ല, രാഹുലേട്ടന്‍ എന്നെക്കുറിച്ച് മോശമായി പലതും പറഞ്ഞു എന്നും ബന്ധുക്കള്‍ പറഞ്ഞു. എല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കിയതാണെല്ലോ പിന്നീട് എന്താണ് ഇങ്ങനെയെല്ലാം പറയുന്നത് എന്ന് അപ്പോള്‍ ഓര്‍ത്തു, ആകെ ആശയക്കുഴപ്പവും വിഷമവുമെല്ലാമായി, ആരുടെ കൂടെ നില്‍ക്കണമെന്നും മറ്റും. ആ സമയത്ത് അങ്ങനെയാണ് വീട്ടുകാര്‍ക്ക് ഒപ്പം പോയത്. അപ്പോഴും ഉപേക്ഷിച്ചു പോവുകയാണെന്ന് എന്നൊന്നും തോന്നിയില്ല. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചു പോകാം എന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് ഞാന്‍ പോലും വിചാരിക്കാത്ത വിധത്തിലാണ് കാര്യങ്ങള്‍ മാറിയത്.

ഞങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ പോലും സമയം തരാതെയാണ് കാര്യങ്ങള്‍ ചെയ്തത്. ഇളയച്ഛന്‍ പൊലീസ് സ്റ്റേഷനില്‍ വച്ചു തന്നെ മാധ്യമങ്ങളേയും വക്കീലിനെയുമൊക്കെ വിളിച്ച് വിവരങ്ങളറിയിച്ചു, കുറച്ചു സമയം തരാന്‍ പോലും തയാറായില്ല. അന്ന് ഞാന്‍ ശരിയായ തീരുമാനം എടുത്തിരുന്നു എങ്കില്‍ ഇതൊന്നും ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ഭീഷണിയും ബ്ലാക്‌മെയിലിങ്ങും േദഷ്യവും സങ്കടവുമെല്ലാമായി എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍.

കേസിനു ബലം കിട്ടാനായി പേപ്പറില്‍ എഴുതി എന്നെക്കാണ്ട് വായിപ്പിക്കുകയായിരുന്നു. അപ്പോഴും ഇതിന് എനിക്ക് പറ്റില്ല, ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. കരഞ്ഞുകൊണ്ട് പറയണമെന്നാണ് ഇളയച്ഛന്‍ പറഞ്ഞത്. കൗണ്‍സിലറോടും എന്റെ ചിറ്റപ്പനോടുമൊക്കെ ഞാന്‍ സത്യം പറഞ്ഞിരുന്നു. അന്ന് പക്വതയോടെ എനിക്ക് പെരുമാറാന്‍ കഴിഞ്ഞില്ല. കുടുംബത്തില്‍ ഒരാളെങ്കിലും എന്റെ ഒപ്പം നിന്നിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇനി ഉണ്ടാകുമെന്നും കരുതുന്നില്ല. ഞാന്‍ ഒറ്റയ്ക്കാണ് പൊരുതുന്നത്. ആരുടേയും പിന്തുണ കിട്ടാതെ വന്നപ്പോഴാണ് ഞാന്‍ എസിപിയെ വിളിച്ച് പറഞ്ഞത്. എന്നാല്‍ 2 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം സസ്‌പെന്‍ഷന്‍ കിട്ടിയ സാഹചര്യത്തില്‍ ഇതില്‍ ഇടപെടാന്‍ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞതോടെ ആ വാതിലും അടഞ്ഞു എന്ന് മനസ്സിലായി. അതുകൊണ്ടാണ് വിഡിയോയില്‍ വന്ന് സത്യം പറയാന്‍ തീരുമാനിച്ചത്.

നുണപരിശോധനയ്ക്ക് വേണമെങ്കിലും ഞാന്‍ തയാറാണ്. അച്ഛനും ബന്ധുക്കളുമൊക്കെ അതിന് തയാറാകുമോ? രഹസ്യമൊഴി കൊടുക്കുമ്പോള്‍ സത്യം പറയാമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. കാരണം അച്ഛന് ആ വിധത്തില്‍ പൊലീസ് ഉദ്യോഗസ്ഥരൊക്കെയായി പിടിപാടുണ്ട്. രഹസ്യമൊഴി കൊടുത്താലും അച്ഛന്‍ അറിയുമോ എന്ന് പേടിച്ചാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ മറ്റൊരു വിധത്തില്‍ പറഞ്ഞത്. സത്യം പറയാന്‍ നിയമവ്യവസസ്ഥ ഒരിക്കല്‍ കൂടി അവസരം തരുമോ”, എന്നും യുവതി വിഡിയോയിലൂടെ ചോദിക്കുന്നു.

യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്

പരാതിക്കാരിയായ യുവതി സംസ്ഥാനം വിട്ടതായി പൊലീസ്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് യുവതിക്കായി പൊലീസ് അന്വേഷണം നടത്തുന്നത്. യുവതിയുടെ മൊബൈല്‍ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ഏഴാം തീയതിയാണ് ഓഫിസില്‍ ഒടുവില്‍ എത്തിയത്. കുടുംബത്തോടൊപ്പം യാത്ര പോകാന്‍ ലീവ് ആവശ്യപ്പെട്ടു. ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിയ യുവതി വിഡിയോ റെക്കോര്‍ഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വിഡിയോ അപ്ലോഡ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് വലിയ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ ബുധനാഴ്ച ചോദ്യം ചെയ്തു. രാജ്യം വിട്ട ഒന്നാം പ്രതിയായ രാഹുല്‍ പി.ഗോപാലിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം പുരോഗമിക്കുകയാണ്.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *