‘മാലിന്യസംസ്‌കരണത്തില്‍ കേരളം പരാജയം’: രാജിവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുകിപ്പോയ ജോയിയുടെ ജീവനറ്റ ശരീരം അഴുക്ക് ചാലില്‍ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമാണെന്ന് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ഒരു അപകടം നടന്നയുടന്‍ പഴിചാരുന്നതിനല്ല, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണം പ്രഥമ പരിഗണനയെന്നത് കണക്കിലെടുത്താണ് ഇതുവരേയും കാത്തിരുന്നത്. പക്ഷേ തിരുവനന്തപുരം ജില്ലയിലെ സര്‍വജനങ്ങളും നടുക്കത്തോടെ മാത്രമറിഞ്ഞ ഈ വാര്‍ത്തയോട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാള്‍ പരാജയപ്പെട്ട് നാവിക സേനയുടെ സഹായമഭ്യര്‍ത്ഥിക്കുകയായിരുന്നു. തലസ്ഥാനത്ത് നടന്ന ഈ സംഭവം സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെ തുറന്ന് കാട്ടുന്നുവെന്ന് കൂടി ഈ സമയത്ത് നാം തിരിച്ചറിയേണ്ടതുണ്ട്.
രാജ്യത്ത് സ്വച്ഛഭാരത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 10-വര്‍ഷമായി മുന്നോട്ട് പോവുകയാണ്. എന്നാല്‍ മാലിന്യസംസ്‌കരണ-നിര്‍മ്മാര്‍ജ്ജന രംഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് നമുക്ക് ഇപ്പോഴും കാണാന്‍ കഴിയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
Also Read; എംസിഎല്‍ആര്‍ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ ; അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയരും





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































