നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല; മൂന്നുവര്‍ഷത്തിനിടെ 29,492 കേസ്
കൊച്ചി: നടപടികള്‍ തുടരുമ്പോഴും നിരത്തിലെ നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി സുരക്ഷാ ഭീഷണി ഉയര്‍ത്തിയതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് 29,492 കേസാണ് മൂന്നുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ഹൈക്കോടതിയും ശക്തമായി ഇടപെടുന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. എറണാകുളം നഗരത്തില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ തിരുവനന്തപൂരം സ്വദേശിയുടെ ലൈസന്‍സ് ആര്‍.ടി.ഒ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 9000 രൂപ പിഴ ഈടാക്കുകയും റോഡ് നിയമ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കാറില്‍ സ്വിമ്മിങ് പൂള്‍ നിര്‍മ്മിച്ച വ്‌ലോഗറുടെ ലൈസന്‍സ് റദ്ദാക്കിയത് സമീപകാലത്താണ്.
ഒരു വാഹനത്തിലെ ഓരോ രുപമാറ്റത്തിനും 5000 രൂപ വിതം പിഴ ഈടാക്കും. ഒന്നിലധികം രൂപമാറ്റങ്ങളുണ്ടെങ്കില്‍ ഓരോന്നിനും 5000 രൂപ വീതം പിഴ ചുമത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളിലെ രൂപമാറ്റത്തിനെതിരെയും വിട്ടുവിഴ്ചയില്ലാത്ത നടപടിയുണ്ടാകും. ഇവിടെ പിഴയടക്കാതെ അവര്‍ മടങ്ങിയാല്‍ അതത് സംസ്ഥാനത്തിന് ലഭിക്കേണ്ട വാഹന സംബന്ധമായ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകും. വലിയ രൂപമാറ്റങ്ങളാണെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അവിടേക്ക് ശിപാര്‍ശ ചെയ്യുന്നതടക്കം നടപടിയുണ്ടാകും.
നിയമവിരുദ്ധ ലൈറ്റുകളും മ്യൂസിക് സിസ്റ്റവും സ്ഥാപിക്കുന്നത്, ഇരുചക്രവാഹനങ്ങളുടെ ഹാന്‍ഡിലും ഗാര്‍ഡും മാറ്റുന്നത്, സൈലന്‍സര്‍ മാറ്റി സ്ഥാപിക്കുന്നത്, പുകക്കുഴലിലൂടെ തീപ്പൊരി വരുത്തുന്ന ക്രമികരണം, ബൈക്കിന്റെ സെന്‍ട്രല്‍ സ്റ്റാന്‍ഡ് തറയില്‍ ഉരസി തീപ്പൊരി വരുത്തുന്നത് വലിയ ടയറുകള്‍ ഘടിപ്പിക്കുന്നത്, ഫൈബര്‍ ബംപര്‍ മാറ്റി മെറ്റലാക്കുന്നത്, അനധികൃത ക്രാഷ് ഗാര്‍ഡുകള്‍ സ്ഥാപിക്കുന്നത് എന്നിവക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































