#kerala #Top News

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഫണ്ടില്ല; മുട്ട, പാല്‍ വിതരണം നിര്‍ത്താന്‍ ഒരുങ്ങി പ്രഥമാധ്യാപകര്‍

തിരുവനന്തപുരം: അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും സ്‌കൂളുകളില്‍ മുട്ട, പാല്‍ വിതരണത്തിനായി ചെലവാക്കിയ തുക അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇവയുടെ വിതരണം നിര്‍ത്താനുള്ള നീക്കത്തിലാണ് പ്രഥമാധ്യാപകര്‍. സ്വന്തം പോക്കറ്റില്‍ നിന്നെടുത്തും കടം വാങ്ങിയുമാണ് പ്രഥമാധ്യാപകര്‍ കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും മുട്ടക്കും പാലിനും അനുവദിക്കുന്ന തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

Also Read ; ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം

പദ്ധതിച്ചുമതലയില്‍ നിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കുക, 2016ല്‍ നിശ്ചയിച്ച നിരക്ക് കമ്പോള നിലവാരമനുസരിച്ച് പുതുക്കുക, സംസ്ഥാന പോഷകാഹാര പദ്ധതിക്ക് പ്രത്യേകം തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രഥമാധ്യാപക സംഘടനകളായ കെ.പി.പി.എച്ച്.എയും കെ.പി.എസ്.എച്ച്.എയും ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ കഴിഞ്ഞമാസം നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും എല്‍.പി വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന ആദ്യ സ്ലാബായ എട്ടു രൂപ, ആറു രൂപയായി കുറച്ചു. മുട്ട, പാല്‍ വിതരണത്തിന് പ്രത്യേകം തുക അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപ്പായില്ല. മുട്ടക്കും പാലിനും കമ്പോള വിലയനുസരിച്ച് തുക അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. ഉച്ചഭക്ഷണത്തിന് കേന്ദ്രം നല്‍കുന്ന ഫണ്ടിനൊപ്പം ചേര്‍ത്താണ് സംസ്ഥാനം മുട്ടക്കും പാലിനും പണം അനുവദിച്ചിരുന്നത്. സി.എ.ജി ഓഡിറ്റ് നിര്‍ദേശപ്രകാരമാണ് തുക പ്രത്യേകം അനുവദിച്ചു തുടങ്ങിയത്. ഇതോടെ സംസ്ഥാനം ഉഴപ്പുന്നതായാണ് പ്രഥമാധ്യാപകരുടെ ആരോപണം. എല്ലാവര്‍ഷവും ജൂണ്‍ ആദ്യം തന്നെ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് സര്‍ക്കുലര്‍ വകുപ്പില്‍ നിന്ന് വരാറുണ്ട്. അതിലാണ് സ്‌കൂള്‍തലം മുതല്‍ സംസ്ഥാന തലം വരെയുള്ള കമ്മിറ്റികള്‍, ഭക്ഷണത്തിന്റെ അളവ്, ഇനം, കുടിവെള്ള പരിശോധന, മുട്ട, പാല്‍ വിതരണം എന്നിവ സംബന്ധിച്ച് വ്യക്തതയുണ്ടാവുക. ഇക്കുറി സര്‍ക്കുലര്‍ വന്നില്ല. അതുകൊണ്ടു തന്നെ ജൂണിലും ജൂലൈയിലും പാലും മുട്ടയും നല്‍കിയ പ്രഥമാധ്യാപകര്‍ ആശങ്കയിലാണ്.

കമ്പോള വിലയ്ക്ക് അനുസൃതമായി പ്രത്യേകം തുക അനുവദിക്കുന്നതുവരെ മുട്ട, പാല്‍ എന്നിവയുടെ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിരാകുമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെ.പി.പി.എച്ച്.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ പറഞ്ഞു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *