#kerala #Top Four

എട്ടാം ക്ലാസില്‍ ഇനി ഓള്‍ പാസ് ഇല്ല ; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം, അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക്

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ ഇനി മുതല്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമായത്.എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം.

Also Read ; പാരിസ് ഒളിമ്പിക്‌സ് ; ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത, ശരീരഭാര പരിശോധനയില്‍ പരാജയപ്പെട്ടു

വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നും എല്ലാവര്‍ക്കും എപ്ലസ് നല്‍കുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എഡ്യൂക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. ഈ കോണ്‍ക്ലേവിലുയര്‍ന്ന നിര്‍ദേശമാണ് മന്ത്രിസഭ യോഗം അംഗീകരിച്ചിരിക്കുന്നത്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം ഈ വര്‍ഷം എട്ടാം ക്ലാസില്‍ ഓള്‍പാസ് ഒഴിവാക്കുന്നു എന്നതാണ്. ഓരോ വിഷയത്തിനും മിനിമം 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും.

നിലവില്‍ നിരന്തര മൂല്യനിര്‍ണയത്തിനും ഒപ്പം തന്നെ വിഷയങ്ങള്‍ക്കും കൂടി 30 ശതമാനം മതി. അതുകൊണ്ട് തന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇത് മാറ്റിയിട്ടാണ് ഓരോ വിഷയങ്ങള്‍ക്കും 30 ശതമാനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം. ഇത് കൂടാതെ എഴുത്തുപരീക്ഷക്കും വേറെ മാര്‍ക്ക് വേണം. പഠിക്കാതെ പാസാകാന്‍ പറ്റില്ലെന്ന രീതിയാണ് നിലവില്‍ വരാന്‍ പോകുന്നത്. ഘട്ടഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുക. എന്നാല്‍ ഈ തീരുമാനത്തെ സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ് ടിഎ യും ശാസ്ത്ര സാഹിത്യ പരിഷത്തും എതിര്‍ത്തിരുന്നു. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പുറന്തള്ളപ്പെടുമെന്ന ആശങ്കയാണ് സംഘടനകള്‍ പങ്ക് വെച്ചത്. എന്നാല്‍ സിപിഎം ഇടപെടല്‍ കാരണം കെഎസ്ടിഎ പിന്നീട് അയഞ്ഞു. മിനിമം മാര്‍ക്ക് ഒറ്റയടിക്ക് നടപ്പാക്കരുതെന്ന നിലയിലേക്ക് നിലപാട് മാറ്റി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *