ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ രണ്ട് ദിവസത്തിന് ശേഷം പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ രണ്ടു ദിവസത്തിന് ശേഷം വീണ്ടും പുനരാരംഭിക്കാന്‍ കഴിയുമെന്ന് എകെഎം അഷറഫ് എംഎല്‍എ. കര്‍ണാടക ചീഫ് സെക്രട്ടറിയുമായി വെള്ളിയാഴ്ച എംഎല്‍എ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ പുഴയിലെ കുത്തൊഴുക്ക് കുറവുണ്ടെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ തിരച്ചില്‍ തുടരാന്‍ ഈശ്വര്‍ മല്‍പ്പെയ്ക്ക് അനുമതി നല്‍കും.എന്നാല്‍ ഇപ്പോഴും പുഴയില്‍ സീറോ വിസിബിലിറ്റി ആണെന്ന് ഈശ്വര്‍ മല്‍പ്പെ പറഞ്ഞു.
അതേസമയം അര്‍ജുന്‍ ഉള്‍പ്പടെയുള്ള മൂന്ന്‌പേര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെവി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.കഴിഞ്ഞയാഴ്ച്ച തിരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും പുഴയിലെ കുത്തൊഴുക്ക് കണക്കിലെടുത്ത് പുഴയിലിറങ്ങാന്‍ പോലീസ് അനുവദിക്കാത്തതിനാല്‍ അവര്‍ മടങ്ങുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ജൂലൈ 16-ന് രാവിലെയാണ് അപകടമുണ്ടായത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറായിരുന്നു അര്‍ജുന്‍ ഈ മാസം എട്ടിനാണ് കര്‍ണാടകയിലേക്ക് പോയത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു.