#kerala #Top Four

എസ് ഐക്കും പോലീസുകാരനും മര്‍ദ്ദനമേറ്റു; കുഞ്ഞിമംഗലത്ത് എട്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പയ്യന്നൂര്‍: പയ്യന്നൂരിലെ കുഞ്ഞിമംഗലത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒഴിവാക്കാനായി ശ്രമിച്ച പോലീസിനെ കൈയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും കാണിച്ചു പയ്യന്നൂര്‍ എസ്‌ഐ സി സനീതിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Also Read ; വയനാട് ചൂരല്‍മലയില്‍ ഇന്നും വിദഗ്ധ സംഘം പരിശോധന നടത്തും ; ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന

കുഞ്ഞിമംഗലം സ്വദേശികളായ പ്രീയേഷ്, സന്തോഷ്, ഹര്‍ഷാദ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റു അഞ്ചു പേര്‍ക്കുമെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിമംഗലം ആണ്ടാം കൊവ്വല്‍ മല്ലിയോട്ടു ക്ഷേത്രത്തിന് സമീപാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇവിടെ തെരഞ്ഞെടുപ്പ് പ്രചരണസാമഗ്രികളും സ്‌കൂട്ടറുകളും നശിപ്പിച്ച സംഭവമുണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അന്നു മുതല്‍ കുഞ്ഞിമംഗലത്തെ തീയ്യക്ഷേമ മഹാസഭയുടെ പ്രവര്‍ത്തകരും പ്രദേശത്തെ സിപിഎമ്മുകാരും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതിനിടെ ഞായറാഴ്ച്ച രാത്രി ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വാഗ്വാദമുണ്ടായി. ഇതു സംഘര്‍ഷത്തിലേക്ക് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ചു പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തുകയും ഇരുവിഭാഗത്തെയും ശാന്തരാക്കുകയും ചെയ്തിരുന്നു.

ഇതിനു തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രതിഷേധ പ്രകടനത്തിനു ശേഷം മടങ്ങുകയായിരുന്ന തീയ്യ ക്ഷേമസഭാ പ്രവര്‍ത്തകനെ സി.പി. എം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു. ഇതറിഞ്ഞെത്തിയ പോലിസ് സംഘത്തിനു നേരെയാണ് കൈയ്യേറ്റമുണ്ടായത്. അക്രമത്തിനൊരുങ്ങിയ സി.പി. എം പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലിസ് ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. തീയ്യ ക്ഷേമസഭാ ഓഫീസിനു മുന്‍പില്‍ സംഘടിതരായി തടിച്ചു കൂടിയ സിപിഎം പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ മാറ്റുന്നതിനിടെയാണ് എസ്‌ഐയ്ക്കും സംഘത്തിനുമെതിരെ കൈയ്യേറ്റമുണ്ടായത്. എസ്‌ഐയെ മര്‍ദ്ദിക്കുകയും തളളി താഴെയിടുകയും മറ്റു പോലീസുകാരുടെ യൂണിഫോം കീറുകയും ചെയ്തുവെന്നാണ് പരാതി. അക്രമത്തില്‍ പയ്യന്നൂര്‍ എസ്‌ഐ സനീതിനും കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ണൂര്‍ റൂറല്‍ ജില്ലാഹെഡ് ക്വാര്‍ട്ടേഴ്സിലെ സിപിഒ കെ ലിവിനും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a comment

Your email address will not be published. Required fields are marked *