‘എന്റെ വഴി എന്റെ അവകാശമാണ്’; മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ്‌ഗോപി
തൃശൂര്‍: മുകേഷിന്റെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായാണ് സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്. ഈ വിഷയത്തില്‍ വീണ്ടും പ്രതികരണം ആരാഞ്ഞപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ സൗകര്യമില്ലെന്ന് തന്നെ മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമപ്രവര്‍ത്തകനെ തള്ളിമാറ്റുകയായിരുന്നു. എന്റെ വഴി എന്റെ അവകാശമാണെന്നും മാറി നില്‍ക്കാനും സുരേഷ് ഗോപി രൂക്ഷമായി ആവശ്യപ്പെട്ടു. മുകേഷ് വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സുരേഷ് ഗോപിയെ തള്ളി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം ആരാഞ്ഞത്. എന്നാല്‍ പ്രകോപിതനായി സിനിമാ സ്‌റ്റൈലില്‍ ഡയലോഗ് പറഞ്ഞ് പോകാന്‍ ശ്രമിക്കുന്ന സുരേഷ് ഗോപിയെയാണ് രാമനിലയത്തില്‍ കണ്ടത്.
രാവിലെ വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നും നിങ്ങളാണോ കോടതി എന്നതടക്കമുള്ള ചോദ്യങ്ങള്‍ തിരിച്ചുചോദിച്ചാണ് സുരേഷ് ഗോപി ക്ഷുഭിതനായത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായി മുകേഷിനെ പിന്തുണച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ നിലപാട് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































