January 23, 2026
#kerala #Top Four

പി വി അന്‍വറിന്റെ പരാതി ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചത്, അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണ് : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും പരാതികളിലും ഗുരുതര ഉദ്യോഗസ്ഥ വീഴ്ച സംബന്ധിച്ചിട്ടുള്ളതാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം നടക്കേണ്ടത് ഭരണ തലത്തിലാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.അന്‍വര്‍ സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കും നല്‍കിയ പരാതി പരിശോധിച്ചു. പരാതി ഉന്നയിച്ച പ്രകാരം സുജിത് ദാസിനെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഭരണ തലത്തില്‍ പരിശോധന നടത്താനായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഡിജിപി നേതൃത്വം നല്‍കുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോര്‍ട്ട് വന്നാലുടന്‍ തെറ്റായ സമീപനം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Also Read ; ‘മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം’: കെ സുധാകരന്‍

ഈ വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നത്. അതിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നു. സംസ്ഥാനത്ത് ഏത് പ്രശ്‌നം ഉയര്‍ന്നാലും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരെ അതിനെ ഉപയോഗിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് സമരം, ഇന്ന് കോണ്‍ഗ്രസ് സമരവും നടത്തി. കെ സുധാകരന്‍ ഉന്നയിച്ച ഭീഷണി ഡിവൈഎഫ്‌ഐ നേതാവാണ് നടത്തിയതെങ്കില്‍ അത് വലിയ തോതില്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ ഇന്നും സുധാകരന്‍ പറഞ്ഞത് വാര്‍ത്തയാക്കിയില്ല. അന്‍വറിന്റെ പരാതി ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന മാധ്യമങ്ങള്‍ നേരത്തെ അന്‍വറിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്ന സിപിഎം രീതി കോണ്‍ഗ്രസിലില്ല. സിമി റോസ്‌ബെല്ലിനെ കോണ്‍ഗ്രസ് പുറത്താക്കിയത് എന്ത് ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്? അത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയില്ല. സ്ത്രീകള്‍ക്കെതിരെ ഈ നിലപാട് സ്വീകരിക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ തെരുവിലിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് കേരളത്തിന് രാജ്യത്തിന്റെ പല ഭാഗത്തും അംഗീകാരം ലഭിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിലവില്‍ 12 ഓളം കേസുകള്‍ വന്നു. ഹൈക്കോടതിയില്‍ വനിതാ പ്രാതിനിധ്യത്തോടെ പുതിയ ബെഞ്ച് ഉണ്ടാക്കിയതിനെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പാര്‍ട്ടി സമ്മേളനം നടക്കെ ചര്‍ച്ചകള്‍ ആസൂത്രിതമായി നടക്കുന്നു. ബ്രാഞ്ച് സമ്മേളനങ്ങള്‍ തീരാന്‍ ഇനിയും ഒരു മാസത്തോളം സമയമെടുക്കും. 100 ശതമാനം അംഗങ്ങളും പങ്കെടുത്താണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്തുന്നത്. ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പുതിയ അംഗങ്ങളെ പ്രവചിക്കുന്നത് അസംബന്ധം. ബ്രാഞ്ച് സമ്മേളനങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ സാമാന്യവത്കരിക്കുകയാണ്.
തൃശ്ശൂര്‍ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവുമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ നേരത്തെ പരിഹരിച്ചതാണ്. ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആര്‍എസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഐഎം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്. വ്യാജ വാര്‍ത്ത തയ്യാറാക്കിയ ശേഷം അത് പ്രതിപക്ഷ നേതാവിലൂടെ ഉന്നയിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അജണ്ട വച്ച് നടത്തുന്ന വ്യാജ പ്രചരണമാണിത്. തൃശൂരില്‍ ബിജെപി ജയിച്ചത് കോണ്‍ഗ്രസ് വോട്ടിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *