December 27, 2024
#kerala #Top Four

സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു ; അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

കൊച്ചി: നടന്‍ സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് ഈ നീക്കം. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും.

Also Read ; കണ്ടല സഹകരണബാങ്ക് തട്ടിപ്പ് കേസ് ; ഭാസുരാംഗന്റെയും മകന്റെയും ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി

അതേസമയം സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പറുകള്‍ നിലവില്‍ സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ് ഇല്ല. അറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം.ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതിന് വേണ്ടി കാത്ത് നില്‍ക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലെന്നുമാണ് പോലീസ് പറയുന്നത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മസ്‌കറ്റ് ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. യുവ നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കേസ് കോടതിയിലെത്തിയപ്പോള്‍ സിദ്ദിഖ് ഉന്നയിച്ച പ്രധാന ആരോപണം പരാതിക്കാരി പരാതി ഉന്നയിക്കാന്‍ കാലതാമസമുണ്ടായി എന്നതാണ്. എന്നാല്‍ പരാതിയില്‍ കാലതാമസം ഉണ്ടായി എന്നതുകൊണ്ട് കേസിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്‌ക്കറ്റ് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി നാരായണന്‍ കോടതിയില്‍ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്‌ക്രീനിംഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്‌കറ്റ് ഹോട്ടലില്‍ എത്തിയതിന്റേയും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകള്‍ സിദ്ദീഖിന് എതിരായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *