December 26, 2024
#kerala #Top Four

‘സര്‍ക്കാരിനോ തനിക്കോ ഒരു പി ആര്‍ സംഘവുമില്ല, ലേഖികയുടെ കൂടെ വന്നയാള്‍ പി ആര്‍ ആണെന്ന് അറിഞ്ഞില്ല’: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനോ തനിക്കോ ഒരു പി.ആര്‍ സംഘവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ആര്‍. ഏജന്‍സിക്ക് വേണ്ടി സര്‍ക്കാരോ താനോ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍, മാധ്യമങ്ങള്‍ തമ്മിലുള്ള പോരിന് തന്നെ ഇടയാക്കരുതെന്നും ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. താന്‍ പറയാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ശരിയായിട്ടില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Also Read ; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ലോബി; സിബിഐ അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം

പി.ആര്‍.ഏജന്‍സിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

എന്റെ അഭിമുഖത്തിന് വേണ്ടി ഹിന്ദു ആവശ്യപ്പെടുന്നു എന്നത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണ് പറയുന്നത്. ഹിന്ദുവിന് അഭിമുഖം നല്‍കിക്കൂടെ എന്ന് ചോദിച്ചു. ഹിന്ദുവിന് അഭിമുഖം നല്‍കുന്നതില്‍ വേറെ പ്രശ്‌നം ഒന്നും ഇല്ല. അത് എനിക്കും താത്പര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്ന് പറഞ്ഞു. സമയം വളരെ കുറവാണ്. കമ്മിറ്റി മീറ്റിങ്ങിനിടയ്ക്കുള്ള സമയം പറഞ്ഞു, അവര്‍ വന്നു. രണ്ടുപേരാണ് വന്നത്. ഒറ്റപ്പാലത്തെ ഒരു ലേഖികയാണ് അതില്‍ ഒരാള്‍. അഭിമുഖത്തില്‍ പി.വി. അന്‍വറുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നത്തില്‍ ചോദ്യം ഉയര്‍ന്നു. അത് വളരെ വിശദമായി പറഞ്ഞു കഴിഞ്ഞതാണ്. അതിലേക്ക് പോകുന്നില്ല എന്ന് അവരോട് പറഞ്ഞു. വളരെ വിഷമകരമായ ചോദ്യങ്ങളാണ് ചോദിച്ചത്, എല്ലാത്തിനും നല്ലനിലയ്ക്കാണ് നിങ്ങള്‍ മറുപടി പറഞ്ഞത് എന്നൊക്കെ പറഞ്ഞ് അവര്‍ പിരിഞ്ഞു. എന്നാല്‍ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് അറിയാലോ എന്റെ നിലപാട് എന്താണെന്ന്. ഏതെങ്കിലും ഒരു ജില്ലയേയോ ഏതെങ്കിലും ഒരു വിഭാഗത്തേയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവര്‍ത്തന രംഗത്ത് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ടോ, അങ്ങനെ ഒരു നിലപാട് എന്റെ ഭാഗത്ത് നിന്നു ഉണ്ടാവില്ലാല്ലോ.

ദേവകുമാറിന്റെ മകന്‍ രാഷ്ട്രീയമായി ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നില്‍ക്കുന്ന ആളാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ആളാണ്. അതിന്റെ ഭാഗമായി ഇങ്ങനെ പറഞ്ഞപ്പോള്‍ അഭിമുഖം ആകാമെന്ന് സമ്മതിച്ചതാണ്. മറ്റു കാര്യങ്ങള്‍ അവര് തമ്മില്‍ തീരുമാനിക്കേണ്ടതാണ്, എനിക്കറിയില്ല.

വിഷയത്തില്‍ നിയമനടപടിക്ക് സര്‍ക്കാര്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന്, ഹിന്ദു മാന്യമായിത്തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവര്‍ തമ്മില്‍ എന്താണ് നടന്നതെന്ന കാര്യം എനിക്ക് കൃത്യമായി പറയാന്‍ സാധിക്കില്ല. അതേസമയം ഈ പറയുന്ന ഏതെങ്കിലും ഭാഗം ഈ പറയുന്ന ചെറുപ്പക്കാരില്‍ നിന്ന് വാങ്ങിയിട്ടുണ്ടോ എന്നകാര്യം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അഭിമുഖം നടന്നു കൊണ്ടിരിക്കെ മറ്റൊരാള്‍ കൂടെ കടന്നുവന്നു. ഹിന്ദുവിന്റെ മാധ്യമപ്രവര്‍ത്തകയുടെ കൂടെയുള്ള ആളാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പിന്നെയാണ് പറയുന്നത് അത് ഏജന്‍സിയുടെ ആളാണെന്ന്. വന്നയാളേയും അറിയില്ല എനിക്ക് അത്തരം ഒരു ഏജന്‍സിയേയും അറിയില്ല. ഞാന്‍ കേരളാ ഹൗസില്‍ ഇരിക്കുമ്പോള്‍ അവിടെ വന്ന് ഇരുന്നു എന്നത് ശരിയാണ്. എനിക്ക് ഒരു ഏജന്‍സിയുമായി ഒരു ബന്ധവുമില്ല. ഒരു ഏജന്‍സിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു ഏജന്‍സിക്കും ഇത്തരത്തില്‍ ഒരു ഉത്തരവാദിത്വം കൊടുത്തിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *