ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ 16 വര്‍ഷം; ഒടുവില്‍ യുവതിക്ക് മോചനം
ഭോപ്പാല്‍: 16 വര്‍ഷത്തോളമായി മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ബന്ദികളാക്കിയിരുന്ന യുവതിക്ക് ഒടുവില്‍ മോചനം. 2006-ല്‍ വിവാഹം കഴിഞ്ഞ റാണു സഹു എന്ന യുവതിയാണ് കഴിഞ്ഞ 16 വര്‍ഷമായി ഭര്‍തൃവീട്ടിലെ തടവില്‍ കഴിഞ്ഞത്. നര്‍സിംഗ്പൂരില്‍ നിന്നുള്ള റാണുവിന്റെ പിതാവ് കിഷന്‍ ലാല്‍ സാഹു നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്ന് ജഹാംഗീരാബാദ് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ശില്‍പ കൗരവ് പറഞ്ഞു. 2008 മുതല്‍ റാണുവിനെ സ്വന്തം വീട്ടുകാരെപ്പോലും കാണാന്‍ അനുവദിക്കാതെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മകനില്‍ നിന്നും മകളില്‍ നിന്നും പോലും റാണുവിനെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും പിതാവ് കിഷന്‍ ലാലിന്റെ പരാതിയിലുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അടുത്തിടെ മകളുടെ ഭര്‍തൃവീടിനോട് ചേര്‍ന്നുള്ള അയല്‍വാസിയെ കാണാനിടയാവുകയും അയാളാണ് തന്നോട് ക്രൂര പീഡനത്തെ തുടര്‍ന്ന് മകളുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞതെന്നും പിതാവ് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു എന്‍ജിഒയുടെ സഹായത്തോടെ പോലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. വീടിന്റെ മുകള്‍ നിലയില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് യുവതിയെ കണ്ടെത്തിയതെന്നും കൃത്യമായി ഭക്ഷണം പോലും ഇവര്‍ക്ക് നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
Also Read; ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം ; അജിത് കുമാറിനെതിരെ നടപടി ഇന്നുണ്ടായേക്കും