സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ; ‘എയറിലായി’ ഗവാസ്‌കര്‍
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വിന്റി 20യില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സെഞ്ച്വറിയുമായി കളിക്കളം നിറഞ്ഞുനിന്ന ഇന്ത്യയുടെ മലയാളി താരം സഞ്ജുസാംസന്റെ പ്രകടനത്തെ ഇപ്പോള്‍ ഒരുപോലെ വാഴ്ത്തുകയാണ് വിമര്‍ശകരും ആരാധകരും. ഈ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കും വരെ സഞ്ജുവിനെ ‘കൊത്തിവലിക്കാന്‍’ മുന്നില്‍ നിന്നവരെകൊണ്ടു വരെ എണീറ്റുനിന്ന് കൈയ്യടിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു ഹൈദരാബാദില്‍ പുറത്തെടുത്തത്.
Also Read ; സംസ്ഥാനത്ത് നഴ്സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരും: മന്ത്രി വി ശിവന്‍കുട്ടി
ഇപ്പോഴിതാ സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സമൂഹ്യമാധ്യമങ്ങളില്‍ സഞ്ജുവിനെ വാഴ്ത്തുന്നതോടപ്പം സഞ്ജു വിമര്‍ശകരെ തിരഞ്ഞുപിടിച്ച് നേരിടുന്നുണ്ട് ആരാധകര്‍. അതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ തന്നെയാണ്.
സ്ഥിരതായാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന സഞ്ജുവിനെ ഗുണദോഷിച്ചും വിമര്‍ശിച്ചും നിരന്തരം രംഗത്തുവരാറുള്ളയാളാണ് ഗവാസ്‌കര്‍. സഞ്ജു സാംസണെയും ഋഷഭ് പന്തിനെയും താരതമ്യപ്പെടുത്തി അദ്ദേഹം നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ ഐ.സി.സി ട്വന്റി 20 ലോകകപ്പില്‍ ഉള്‍പ്പെടെ വിലങ്ങുതടിയായിട്ടുണ്ട്. ബാറ്റിങ്ങില്‍ മാത്രമല്ല, വിക്കറ്റ് കീപ്പിങ്ങിലും സഞ്ജുവിനേക്കാള്‍ മികച്ചത് പന്താണെന്ന് ഗവാസ്‌കര്‍ തുറന്നടിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ സന്നാഹ മല്‍സരത്തില്‍ സഞ്ജു സാംസണ്‍ ഒരു റണ്‍സ് നേടിയത് മാത്രം ചൂണ്ടിക്കാണിച്ചായിരുന്നു പരാമര്‍ശം. തുടര്‍ന്നുണ്ടായ ഇന്ത്യയുടെ ഒരു മത്സരത്തില്‍ പോലും സഞ്ജുവിനെ ഇറക്കിയിരുന്നില്ല. ഗവാസ്‌കറിനെ പോലുള്ളവരുടെ വിലയിരുത്തലുകള്‍ സഞ്ജുവിന്റെ അവസരങ്ങളെ നഷ്ടപ്പെടുത്തിയെന്ന് ആക്ഷേപം ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. ഇതിനിടയിലാണ് തിരച്ചിടിക്കാന്‍ പാകത്തിന് ഒരു തകര്‍പ്പന്‍ ഇന്നിങ്‌സുമായി സഞ്ജു കളംനിറഞ്ഞത്. സഞ്ജുവിനെ നിരന്തരം വിമര്‍ശിക്കുന്ന ഗവാസ്‌കര്‍ ഇനി എന്ത് ചെയ്യുമെന്ന ചോദ്യമാണ് ട്രോളുകളായി സഞ്ജു ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
എട്ടു സിക്സറുകളും 11 ഫോറുകളും ഉള്‍പെടെ 47 പന്തില്‍ 111 റണ്‍സെടുത്ത സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് മൂന്നാം മത്സരവും ഇന്ത്യ സ്വന്തമാക്കിയത്.ട്വന്റി 20യില്‍ തന്റെ കന്നി സെഞ്ച്വറിയും ഇന്ത്യയുടെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയുമാണ് (40 പന്തില്‍ 100) സഞ്ജവിേന്റത്.
തന്റെ പ്രകടനത്തില്‍ വളരെ അധികം സന്തോഷവാനാണെന്നും പരാജയളേറെ നേരിട്ടതാരമാണ് താനെന്നും അത് സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ തന്നെ സഹായിച്ചുവെന്നും മത്സര ശേഷം സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.പിന്തുണ തന്ന് കൂടെ നിന്ന കോച്ചിനും ക്യാപ്റ്റനും നന്ദി പറയാനും സഞ്ജു മറന്നില്ല.
സഞ്ജു സാംസണും നായകന്‍ സൂര്യകുമാര്‍ യാദവും (35 പന്തില്‍ 75) ഹാര്‍ദിക് പാണ്ഡ്യയും (18 പന്തില്‍ 47) റിയാന്‍ പരാഗും (13 പന്തില്‍ 34) കൂറ്റനടികളുമായി കളം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 297 റണ്‍സെന്ന ട്വന്റി 20 ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ ആണ്. മത്സരത്തില്‍ 133 റണ്‍സിനാണ് ഇന്ത്യയുടെ ജയം.