വീണയുടെ യാത്ര, താമസ ചെലവുകളടക്കം സിഎംആര്‍എല്‍ വഹിച്ചു, മാസപ്പടിക്ക് പുറമെ മറ്റ് ഇടപാടുകള്‍ ; അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനിക്ക് ചെയ്യാത്ത സേവനത്തിന്റെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി കൊടുത്ത കേസില്‍ വീണയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മാസപ്പടിക്ക് പുറമെ മറ്റ് ഇടപാടുകളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. വീണയുടെ യാത്ര, താമസ ചെലവുകള്‍ അടക്കം സിഎംആര്‍എല്‍ വഹിച്ചെന്നാണ് വിവരം.ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തേടിയിട്ടുണ്ട്.
വീണയുടെ മൊഴി എടുക്കലിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നത്. സിഎംആര്‍എല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആര്‍എല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്. വീണാ വിജയന്റെ കമ്പനിയായ എക്‌സലോജിക്കുമായി ബന്ധപ്പെട്ട എസ് എഫ് ഐഒ വിവരശേഖരണം പൂര്‍ത്തിയായി.
അതേസമയം, സിഎംആര്‍എല്ലിന്റെ മറ്റ് ഇടപാടുകളില്‍ അന്വേഷണം തുടരും. വീണാ വിജയന് പുറമെ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു. ഇതടക്കം സിഎംആര്‍എല്ലില്‍ നിന്ന് പണം പുറത്തേക്ക് ഒഴുകിയതിലാണ് അന്വേഷണം.