എഡിഎം നവീന്‍ ബാബുവിന്റെ മരണം ; അന്വേഷണ ചുമതലയില്‍ നിന്ന് കളക്ടറെ മാറ്റി, പകരം ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ അന്വേഷിക്കും
കണ്ണൂര്‍: എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ അന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കളക്ടറെ മാറ്റി. പകരം ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് അന്വേഷണ ചുമതല കൈമാറി. റവന്യൂ മന്ത്രി കെ രാജന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വകുപ്പില്‍ നടക്കുന്ന അന്വേഷണത്തിന്റെ ചുമതല റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് കൈമാറിയത്.അതേസമയം സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ കളക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏല്‍പിച്ചത്.
Also Read ; എഡിഎം ജീവനൊടുക്കിയ സംഭവം: കൈക്കൂലി പരാതി വ്യാജമെന്ന് സംശയം
പിപി ദിവ്യ യാത്രയയപ്പ് പരിപാടിയിലേക്ക് വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കളക്ടര്‍ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന ആരേപണം നേരത്തെ പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി ഉന്നയിച്ചിരുന്നു. കളക്ടറുടെ ഫോണ്‍ വിളി രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. കണ്ണൂരില്‍ ഉണ്ടെങ്കിലും കളക്ടര്‍ ഇന്നും ഓഫീസില്‍ എത്താന്‍ ഇടയില്ല. ഓഫീസില്‍ വന്നാല്‍ ശക്തമായി പ്രതിഷേധിക്കാനാണ് സര്‍വീസ് സംഘടനകളുടെ തീരുമാനം.അതേസമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിവ്യയുടെ മുന്‍കൂര്‍ജാമ്യപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക.
പിപി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കളക്ട്രേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ മൊഴി നല്‍കി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളില്‍ വ്യക്തമാക്കുന്നു. എഡിഎം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ പോലീസിനോട് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































