പാലക്കാട് അപകടം ; മരിച്ചവരെ തിരിച്ചറിഞ്ഞു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല്‍, കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു.വിജേഷ് ഓട്ടോ ഡ്രൈവറാണ്.
വിജേഷിനൊപ്പം രമേശും വിഷ്ണും കൂടെയുണ്ടാകുമെന്നാണ് നാട്ടുകാര്‍ പ്രതികരിച്ചു. ഇന്നലെ രാത്രി 10 മണിവരെ മൂന്ന് പേരേയും കോങ്ങാട് ടൗണില്‍ ഒരുമിച്ച് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടം സംഭവിച്ച് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ തിരിച്ചറിയാനായത്. സുഹൃത്തുക്കള്‍ രാത്രി ഭക്ഷണം കഴിക്കാനോ മറ്റോ ഇറങ്ങിയതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപത്തു വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. പാലക്കാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന കാറും എതിര്‍ദിശയില്‍ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മഴപെയ്ത് റോഡെല്ലാം നനഞ്ഞിരിക്കുകയായിരുന്നു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം അപകടത്തിന് പിന്നാലെ കാറില്‍ കുടുങ്ങി കിടന്ന യാത്രക്കാരെ കാര്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































