‘മാധ്യമപ്രവര്‍ത്തകര്‍ പട്ടികള്‍’ തന്നെയെന്ന് കൃഷ്ണദാസ്; സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നല്‍കി കെയുഡബ്ല്യുജെ, നിലയ്ക്ക് നിര്‍ത്തണമെന്ന് ആവശ്യം
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം ആവര്‍ത്തിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസ്. ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടികള്‍ നില്‍ക്കുന്ന പോലെയാണ് മാധ്യമങ്ങള്‍ ഷുക്കൂറിന്റ വീടിന് മുന്നില്‍ നിന്നതെന്ന പരാമര്‍ശമാണ് അദ്ദേഹം ആവര്‍ത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കത്ത് നല്‍കി. മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപവും ധിക്കാരവും തുടരുന്ന എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിര്‍ത്താനും പാര്‍ട്ടി നേതൃത്വം തയ്യാറാവണമെന്നാണ് യൂണിയന്‍ പാര്‍ട്ടിക്ക് അയച്ച കത്തിലെ പ്രധാന ആവശ്യം.
Also Read; എന്‍.എന്‍. കൃഷ്ണദാസ് മാപ്പ് പറയണം: കെയുഡബ്ല്യുജെ
കത്തിന്റെ പൂര്‍ണ രൂപം
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപവും ധിക്കാരവും തുടരുന്ന എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിര്‍ത്താനും പാര്‍ട്ടി നേതൃത്വം തയാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെടുന്നു. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണെങ്കിലും മാന്യമായ പെരുമാറ്റം ഇനിയും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലാത്ത വിധത്തിലാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഭര്‍ത്സനം തുടരുന്നത്. വെള്ളിയാഴ്ച
മാധ്യമങ്ങള്‍ പട്ടികളെപ്പോലെ ആണെന്ന് പറഞ്ഞ കൃഷ്ണദാസ് ഇന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനെ അപമാനിക്കുന്നതിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആറു പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ഭൂമികയില്‍ ശക്തമായ നിലപാടുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന കേരള
പത്രപ്രവര്‍ത്തക യൂണിയന്‍ കൃഷ്ണദാസിന്റെ അധിക്ഷേപത്തില്‍ തളരുന്ന സംഘടനയല്ല എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും പാര്‍ട്ടിക്കുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടിയെയും ശരിതെറ്റുകള്‍ നോക്കി മാത്രം സമീപിക്കുന്ന മാധ്യമങ്ങള്‍ തുടരുന്ന സ്വതന്ത്ര നിലപാടാണ് കേരളത്തിന്റെ ജനാധിപത്യ ബോധത്തെ ശക്തമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് ഉന്നത കമ്യുണിസ്റ്റ് നേതാക്കള്‍ തന്നെ എക്കാലവും ആവര്‍ത്തിച്ച് അംഗീകരിക്കുന്നതാണെന്ന് അങ്ങേക്കും ബോധ്യമുള്ളതാണല്ലോ. കേരളം വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ട മുഖത്ത് നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ മാധ്യമപ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുന്നത് എത്രമാത്രം ഉചിതമായിരിക്കും എന്നും നേതൃത്വം ആലോചിക്കേണ്ടതുണ്ട്. ഇത്തരമൊരു ബോധ്യം കൃഷ്ണദാസിന് ഉണ്ടാവില്ലെങ്കിലും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വേണ്ടി എക്കാലവും നിലകൊള്ളുന്ന ഞങ്ങള്‍ അങ്ങനെ വിശ്വസിക്കുന്നു. മറിച്ചൊരു തീരുമാനത്തിലേക്ക് പോകേണ്ടി വരുന്ന നിര്‍ബന്ധിതസാഹചര്യം ഒഴിവാക്കാന്‍ അടിയന്തര ഇടപെടലും തിരുത്തല്‍ നടപടികളും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..