December 12, 2024
#kerala #Top Four

ഇരട്ട പദവി പ്രശ്‌നമല്ല, നേതൃമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അപ്രസക്തമാണ്: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്താന്‍ ഹൈക്കമാന്റ് ഒരുങ്ങുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. ഇരട്ട പദവി പ്രശ്നമല്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂനതയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read ; ‘അങ്ങനെ വാര്‍ത്ത എവിടെയും വന്നിട്ടില്ല’; നേതൃമാറ്റ വാര്‍ത്തയെ തള്ളി കെ സുധാകരന്‍

കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ അപ്രസക്തമാണ്. തിരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിച്ചിടത്ത് നേതൃമാറ്റത്തിന് പ്രസക്തിയില്ല. കോണ്‍ഗ്രസിന്റെ യുവാക്കള്‍ അതൃപ്തരല്ല. എല്ലാ മേഖലകളിലും യുവാക്കളെ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഇരട്ടപദവി വഹിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

അതേസമയം കെപിസിസിയില്‍ അഴിച്ചുപണി നടത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ഇതിനായി പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണി വേണമെന്ന തീരുമാനത്തിലാണ് ഹൈക്കമാന്റ്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോള്‍ സുധാകരനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മറു വിഭാഗവും ആവശ്യപ്പെടുന്നുണ്ട്.

ഹൈക്കമാന്‍ഡിന്റെ നിലപാട് സൂചിപ്പിച്ച് പ്രാഥമിക ചര്‍ച്ചകള്‍ക്ക് കെ സി വേണുഗോപാല്‍ തുടക്കമിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസം കെ സുധാകരനുമായി കെ സി വേണുഗോപാല്‍ ചര്‍ച്ച നടത്തിയത് ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. കൂടുതല്‍ നേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിയാലോചന നടത്തും. അതേസമിയം അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍.

അധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ സജീവമായി പുരോഗമിക്കുകയാണ്.
സിറോ മലബാര്‍ സഭയുമായി അടുത്ത ബന്ധമുള്ള റോജി എം ജോണ്‍ പുതിയ അധ്യക്ഷസ്ഥാനത്തേക്കുള്ള ചര്‍ച്ചകളില്‍ മുന്നിലാണ്. യൂത്ത്കോണ്‍ഗ്രസിനെ നയിച്ച ഡീന്‍ കുര്യാക്കോസും കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന പേരാണ്. പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹ്നാന്‍ എന്നിവരും സാമുദായിക പരിഗണന വച്ച് ചര്‍ച്ചകളിലുണ്ട്.

Join wih metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *