ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍ അഭിമാനിക്കുന്നു ; പ്രതികരണവുമായി ആശ ശരത്ത്
തിരുവനന്തപുരം : സ്‌കൂള്‍ കലോത്സവത്തിന് അവതരണ ഗാനത്തിനായി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നതിനായി 5 ലക്ഷം രൂപ ഒരു പ്രമുഖ നടി ആവശ്യപ്പെട്ടുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി നടി ആശ ശരത്ത്. കഴിഞ്ഞ വര്‍ഷം നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തരൂപം ഒരുക്കാനെത്തിയതിന് താന്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നായിരുന്നു ആശ ശരത്തിന്റെ പ്രതികരണം. കലോത്സവത്തിനായി സ്വന്തം ചെലവിലാണ് ദുബായില്‍ നിന്നും എത്തിയതെന്നും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അവര്‍ ഒരു മാധ്യമത്തിനോട് പറഞ്ഞു.
Also Read ; തൃശൂരില്‍ നടുറോഡില്‍ മുന്‍ഭാര്യയെ കുത്തിവീഴ്ത്തി, പ്രതി പുതുക്കാട് സ്റ്റേഷനില്‍ കീഴടങ്ങി
കുട്ടികള്‍ക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്നും വളരെ സന്തോഷത്തോടെയാണ് അന്ന് അവിടെ എത്തിയതെന്നും ആശ ശരത്ത് പ്രതികരിച്ചു. അതേസമയം മന്ത്രി ഉദ്ദേശിച്ച നടി ആരാണെന്നോ എന്താണ് സംഭവിച്ചതെന്നോ തനിക്കറിയില്ലെന്ന് ആശ ശരത്ത് വ്യക്തമാക്കി. താന്‍ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് അന്ന് എത്തിയത്. എന്തെങ്കിലും ഡിമാന്‍ഡ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു താന്‍ മറുപടി നല്‍കിയത്. മാത്രമല്ല പ്രതിഫലം വാങ്ങുകയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും ആശ ശരത്ത് കൂട്ടിച്ചേര്‍ത്തു.
‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിത്.’ എന്നായിരുന്നു മന്ത്രി പറഞ്ഞത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..