#kerala #Top Four

സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തുകൊണ്ട് ? വിശദീകരണം ചോദിച്ച ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പ്രശാന്തിന്റെ കത്ത്

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ചാര്‍ജ് മെമ്മോയ്ക്ക് വിശദീകരണം ചോദിച്ച് സസ്‌പെന്‍ഷനിലായി എന്‍ പ്രശാന്ത് ഐഎഎസ്. ഏഴ് ചോദ്യങ്ങളടങ്ങിയ കത്താണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ചത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിസകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും സാമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷനിലാണ് നിലവില്‍ പ്രശാന്ത്. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോ പ്രശാന്തിന് ലഭിക്കുന്നത്. എന്നാല്‍ മെമ്മോയ്ക്ക് മറുപടി നല്‍കാതെയാണ് പ്രശാന്ത് തിരികെ വിശദീകരണം ചോദിച്ചിരിക്കുന്നത്. ഡിസംബര്‍ 16 നാണ് ഇത്തരത്തില്‍ പ്രശാന്ത് വിശദീകരണം ചോദിച്ചത്.എന്നാല്‍ സര്‍ക്കാര്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല.

Also Read ; ക്രിസ്മസിനും ബെവ്‌കോയെ കൈവിടാതെ മലയാളി ; സംസ്ഥാനത്ത് വിറ്റഴിച്ചത് 152 കോടിയുടെ മദ്യം

അതേസമയം തനിക്കെതിരെ ജയതിലകോ ഗോപാലകൃഷ്ണനോ പരാതി നല്‍കിയിട്ടില്ലെന്ന് പ്രശാന്ത് കത്തില്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരില്ലാതെ സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിനാണെന്നും പ്രശാന്ത് കത്തില്‍ ചോദിക്കുന്നുണ്ട്. കത്തിലെ പ്രധാന ചോദ്യങ്ങള്‍ ഇങ്ങനെ : സസ്‌പെഷനു മുന്‍പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തു കൊണ്ടാണ്? ചാര്‍ജ് മെമ്മോയ്ക്ക് ഒപ്പം അയച്ച തന്റെ സമൂഹമാധ്യമ പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ട് ആരാണ് ശേഖരിച്ചത്? ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍നിന്നാണ് സ്‌ക്രീന്‍ഷോട്ടുകള്‍ ശേഖരിച്ചത്? ഏത് ഉദ്യോഗസ്ഥനെയാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിക്കാനായി ചുമതലപ്പെടുത്തിയത്? തനിക്ക് കൈമാറിയ സ്‌ക്രീന്‍ഷോട്ടില്‍ കാണുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങനെയാണെങ്കില്‍ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടില്‍നിന്നാണ് ചാര്‍ജ് മെമ്മോ നല്‍കിയിരിക്കുന്നത്? സ്വകാര്യ വ്യക്തി ശേഖരിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ എങ്ങനെയാണ് സര്‍ക്കാര്‍ ഫയലില്‍ കടന്നുകൂടിയത്? ഐടി നിയമപ്രകാരം സര്‍ട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടാണോ ഡിജിറ്റല്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചത്?

ഈ ചോദ്യങ്ങള്‍ക്കെല്ലാം ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്നാണ് പ്രശാന്ത് കത്തിലൂടെ ആവശ്യപ്പെടുന്നത്.മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സാപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനു വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും, ധന അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനു കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെയും നവംബര്‍ 11നാണ് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കുകയായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *