തിരുവനന്തപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. ഇന്ന് രാവിലെ ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫയര്‍ഫോഴ്‌സ് സംഘമെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും എം വിന്‍സെന്റ് എംഎല്‍എയും ആരോപിക്കുന്നത്. കുട്ടി തനിയെ അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്ന് എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.
കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരന്‍ കിടന്നിരുന്ന മുറിയില്‍ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..




Malayalam 





























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































