ബഹിരാകാശ നടത്തത്തില്‍ റെക്കോര്‍ഡിട്ട് സുനിതാ വില്യംസ്
വാഷിംഗ്ടണ്‍: ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കാഡ് സ്വന്തമാക്കി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്ത് ഇന്നലെ അഞ്ച് മണിക്കൂര്‍ 26 മിനിട്ട് നടന്നതോടെ സുനിതയുടെ നടത്തം ആകെ 62 മണിക്കൂര്‍ ആറ് മിനിട്ടായി. 2017ല്‍ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സന്‍ സ്ഥാപിച്ച 60 മണിക്കൂര്‍ 21 മിനിട്ട് എന്ന റെക്കാഡാണ് ഇതോടെ സുനിത വില്യംസ് മറികടന്നത്.
Also Read; രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം; ഹരികുമാറും ശ്രീതുവും നിഗൂഢ മനസുള്ളവരെന്ന് പോലീസ്
‘ബഹിരാകാശത്ത് നടക്കുന്ന ആദ്യത്തെയോ രണ്ടാമത്തെയോ ആളല്ല ഞങ്ങളെന്ന് അറിയാം. പക്ഷേ, ഈ വലിയ നേട്ടം കൈവരിക്കാനായി’, ബഹിരാകാശ നടത്തം അവസാനിക്കുന്നതിന് മുമ്പ് സുനിത പറഞ്ഞു. സഹയാത്രികനായ ബുച്ച് വില്‍മോറിനൊപ്പമായിരുന്നു സുനിതയുടെ നടത്തം. ബഹിരാകാശ നിലയത്തിലെ തകരാറുള്ള റേഡിയോ കമ്മ്യൂണിക്കേഷന്‍ യൂണിറ്റ് ഇരുവരും ചേര്‍ന്ന് വിജയകരമായി നീക്കി. നേരത്തേ രണ്ട് തവണ ശ്രമിച്ചിട്ടും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
2024 ജൂണ്‍ അഞ്ചിനാണ് ബോയിംഗിന്റെ സ്റ്റാര്‍ലൈനറില്‍ മനുഷ്യരെയും വഹിച്ചുള്ള ഐഎസ്എസ് യാത്രയുടെ പരീക്ഷണത്തിന്റെ ഭാഗമായി സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്ന് പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ബഹിരാകാശ നിലയത്തിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍, സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും കാരണം മടക്കയാത്ര നീളുകയായിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇരുവരുടെയും മടക്കയാത്രയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഹായം തേടിയതായി ഇലോണ്‍ മസ്‌ക് പറഞ്ഞു. ഇരുവരെയും തിരികെ എത്തിക്കാനുള്ള ദൗത്യത്തില്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിനെ നാസ പങ്കാളിയാക്കിയിരുന്നു.





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































