അമ്മ പുഴയിലെറിഞ്ഞുകൊന്ന മൂന്നരവയസ്സുകാരി പീഡനത്തിനിരയായ സംഭവം; അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റില്‍

കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അച്ഛന്റെ അടുത്ത ബന്ധു അറസ്റ്റിലായി. കുട്ടിയെ വീട്ടിനുള്ളില്‍വെച്ച് തന്നെയാണ് പീഡനത്തിനിരയാക്കിയതെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. പ്രതിക്കെതിരെ പോക്‌സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി. ഇയാളെ വൈകാതെ കോടതിയില്‍ ഹാജരാക്കും.
Also Read; വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ വയോധിക കൊല്ലപ്പെട്ടു
കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനവിവരം വ്യക്തമായത്. തുടര്‍ന്നാണ് ചെങ്ങമനാട് പോലീസ് ഇന്നലെ വൈകീട്ട് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതും കേസ് അന്വേഷിക്കുന്ന പുത്തന്‍കുരിശ് പോലീസ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തതും. കുട്ടി താമസിച്ച വീടിനടുത്ത് തന്നെയാണ് ബന്ധുക്കളും താമസിക്കുന്നത്. കുട്ടിയുടേത് മുങ്ങിമരണമാണെങ്കിലും ശരീരത്തില്‍ പാടുകള്‍ കണ്ടതാണ് ഡോക്ടര്‍മാര്‍ക്ക് സംശയത്തിനിടയാക്കിയത്. തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം സ്ഥിരീകരിച്ചത്. വീട്ടിനകത്തുവെച്ച് പീഡനത്തിനിരയാക്കിയതായി ബന്ധു സമ്മതിച്ചതായാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസില്‍ റിമാന്‍ഡിലുള്ള കുട്ടിയുടെ അമ്മയായ കുറുമശ്ശേരി സ്വദേശിനിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ചെങ്ങമനാട് പോലീസ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ഇവരെ കാക്കനാട് വനിത സബ്ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…